
തലശേരി: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയ്ക്ക് ജാമ്യം. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജയിലിലായി പതിനൊന്നാം നാളിലാണ് ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നത്.ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വാദം കേട്ട കോടതി ഇന്നത്തേക്ക് വിധിപറയാൻ മാറ്റുകയായിരുന്നു.
അന്വേഷണവുമായി സഹകരിച്ചെന്നും എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുകൾ ഉണ്ടെന്നുമായിരുന്നു ജാമ്യാപേക്ഷയിൽ ദിവ്യയുടെ വാദം.ദിവ്യയുടെ ആരോപണം നല്ല ഉദ്ദേശത്തിലായിരുന്നുവെന്ന് വാദിച്ച പ്രതിഭാഗം യാത്രഅയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്നും കോടതിൽ സമ്മതിക്കുകയും ചെയ്തിരുന്നു.
അതേസമയം, ദിവ്യയ്ക്ക് ജാമ്യം കിട്ടില്ലെന്ന പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത് എന്നായിരുന്നു നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ പ്രതികരണം. അഭിഭാഷകരുമായി ചേർന്ന് തുടർ നടപടികൾ ആലോചിക്കുമെന്നും പിന്നീട് കൂടുതൽ പ്രതികരിക്കാമെന്നും അവർ പറഞ്ഞു. അതിനിടെ ദിവ്യയെ പിന്തുണച്ച് സിപിഎം നേതാവ് പികെ ശ്രീമതി രംഗത്തെത്തി. ദിവ്യയ്ക്ക് നീതിലഭിക്കണമെന്നും ജാമ്യം ലഭിച്ചതിൽ വളരെ സന്തോഷമെന്നായിരുന്നു അവരുടെ പ്രതികരണം.
ദിവ്യക്കെതിരേ സംഘടനാ തലത്തിൽ നടപടിക്ക് കഴിഞ്ഞദിവസം പാർട്ടി ശുപാർശ ചെയ്തിരുന്നു. ഇന്നലെ ചേർന്ന സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ അടിയന്തര യോഗത്തിലായിരുന്നു തീരുമാനം. പിപി ദിവ്യയുടെ നടപടി ഗുരുതര വീഴ്ച്ചയാണെന്ന് യോഗം വിലയിരുത്തി. ജില്ലാ കമ്മിറ്റി അംഗമായ ദിവ്യയെ പാർട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കും.തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിച്ചു. തീരുമാനം അംഗീകരിച്ചാൽ പിപി. ദിവ്യ ബ്രാഞ്ചംഗമായി മാറും. താമസിക്കുന്ന സ്ഥലമായ ഇരിണാവ് ലോക്കൽ കമ്മിറ്റിയിലെ ഇരിണാവ് ഡാം ബ്രാഞ്ചംഗമായി ദിവ്യ തരംതാഴ്ത്തപെടും.
അഴിമതിക്കെതിരായ സദുദ്ദേശ്യ നീക്കമായിരുന്നു പിപി ദിവ്യയുടേതെന്നായിരുന്നു നവീൻബാബുവിന്റെ മരണത്തിന് തൊട്ടുപിന്നാലെ കണ്ണൂർ ജില്ലാ കമ്മിറ്റി വിലയിരുത്തിയത്. നവീൻബാബുവിന്റെ കുടുംബത്തിന്റെ സിപിഎം പശ്ചാത്തലവും പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ ശക്തമായ നിലപാടും കണക്കിലെടുത്ത് കണ്ണൂർ ജില്ലാകമ്മിറ്റി മുൻനിലപാട് മാറ്റുകയായിരുന്നു. ഉപതെരഞ്ഞെടുപ്പുകളും പരിഗണിച്ചാണ് ജില്ലാ കമ്മിറ്റി കടുത്ത തീരുമാനം എടുക്കാൻ നിർബന്ധിതമായത്.
സമ്മേളനകാലമായതിനാൽ ഡിസംബറിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്ന് ദിവ്യയെ സ്വാഭാവികമായി ഒഴിവാക്കാമെന്നായിരുന്നു കഴിഞ്ഞ ജില്ലാ സെക്രട്ടേറിയറ്റിലെ തീരുമാനം.