a

ഈ വർഷത്തെ യു.എൻ കാലാവസ്ഥാ ഉച്ചകോടി (കൺവെൻഷൻ ഒഫ് പാർട്ടീസ്) ഇന്നു മുതൽ 22 വരെ അസർബൈജാ നിലെ ബാക്കുവിൽ നടക്കുകയാണ്. ബാറ്ററിയുടെ സ്റ്റോറേജ് കപ്പാസിറ്റി അറിരട്ടിയാക്കാനും, ഇലക്ട്രിക് നെറ്റ്‌വർക്കിംഗ് സംവിധാനം ഊർജിതപ്പെടുത്താനും, ജൈവാവശിഷ്ടങ്ങളിൽ നിന്നുള്ള മീതേൻ ബഹിർഗമനം കുറയ്ക്കാനുമുള്ള നിർദേശങ്ങളടക്കമാണ് അസർബൈജാൻ മുന്നോട്ടുവയ്ക്കുന്നത്. കാലാവസ്ഥാ ധനകാര്യത്തിലേക്കുള്ള പരിവർത്തനമായിരുന്നു യു.എ.ഇയിൽ നടന്ന കഴിഞ്ഞ കാലാവസ്ഥാ ഉച്ചകോടിയുടെ മുഖ്യ ചർച്ചാവിഷയം. ഇതുമായി ബന്ധപ്പെട്ട അസമത്വങ്ങളും വാഗ്ദാനങ്ങളും വാഗ്ദാന ലംഘനങ്ങളുമൊക്കെ ഇത്തവണയും ചർച്ച ചെയ്യപ്പെടും.

30 ശതമാനം ആഗോള താപനത്തിന് വഴിയൊരുക്കുന്നത് മിതേനിന്റെ ബഹിർഗമനമാണ്. അമേരിക്കയും ചൈനയും ഇക്കാര്യത്തിൽ യോജിച്ച നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രംപിന്റെ രണ്ടാം വരവ് ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങൾക്ക് ഗുണകരമാകും. ഇതുമായി ബന്ധപ്പെട്ട വിലയിരുത്തൽ ഉച്ചകോടി ലക്ഷ്യമിടുന്നു. ആഗോളതലത്തിൽ,​ അന്തരീക്ഷത്തിലേക്കുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ വികസ്വര രാജ്യങ്ങൾക്ക് സാമ്പത്തിക വിഹിതം ലഭ്യമാക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പ്രവർത്തികമാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തുടർ കാലാവസ്ഥാ സാമ്പത്തിക ചർച്ചകൾക്ക് അസർബൈജാൻ ഉച്ചകോടിയിൽ പ്രസക്തിയേറും. കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിക്കുന്ന രാജ്യങ്ങൾക്കും വികസ്വര രാജ്യങ്ങൾക്കും നൽകാമെന്നേറ്റ 100 ബില്യൺ ഡോളർ നഷ്ടപരിഹാരം നാമമാത്രമാണെന്ന അഭിപ്രായം വികസ്വര രാജ്യങ്ങൾക്കുണ്ട്.

യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ (UNFCC) കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് തീരുമാനങ്ങളെടുക്കുന്ന സമിതിയാണ് കോൺഫറൻസ് ഓഫ് പാർട്ടീസ്. ഹരിതഗൃഹ വാതകങ്ങളുടെ അന്തരീക്ഷത്തിലെ തോതു കുറയ്ക്കാനും, കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രത്യാഘാതങ്ങൾ കുറയ്ക്കാനുമുള്ള നയരൂപീകരണമാണ് ഇത്തവണ ഉച്ചകോടിയുടെ മുഖ്യലക്ഷ്യം. 2030- ഓടുകൂടി അന്തരീക്ഷ താപനിലയിലെ ആഗോളവർദ്ധനവ് 1.5 ഡിഗ്രി സെൽഷ്യസിൽ ഉയരുന്നത് തടയുമെന്ന് ഇന്ത്യയടക്കം 197 രാജ്യങ്ങൾ തീരുമാനമെടുത്തിട്ടുണ്ട്.

ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ പാരമ്പര്യേതര ഊർജോത്പാദനം 2030-ഓടു കൂടി മൂന്നിരട്ടിയാക്കാനാണ് ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നത്. കാലാവസ്ഥാ ഉച്ചകോടിയിൽ ഇത് കൂടുതൽ ചർച്ച ചെയ്യപ്പെടും. 2022-ലെ കണക്കനുസരിച്ച് ലോകത്തെ പാരമ്പര്യേതര ഊർജോത്പാദനം 3026 ജിഗാവാട്ടാണ്. ഇത് മൊത്തം ശേഷിയുടെ 39 ശതമാനം വരും. എന്നാൽ ഈ മേഖലയിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം 28 ശതമാനം മാത്രമാണ്. പാരമ്പര്യേതര ഊർജ സ്രോതസിൽ പകുതിയും ജലവൈദ്യുതി പദ്ധതികളിൽ നിന്നാണ്. സൗരോർജത്തിൽ നിന്നി 13 ശതമാനവും, കാറ്റിൽ നിന്ന് 23 ശതമാനവും വൈദ്യുതി ലഭിക്കുന്നു. 10 ശതമാനം മറ്റ് സ്രോതസുകളിൽ നിന്നാണ്.

2030-ഓടെ പാരമ്പര്യേതര ഊർജോത്പാദനം 9000 ജിഗാവാട്ട് കൈവരിക്കേണ്ടതുണ്ട്. സൗരോർജത്തിൽ നിന്നും കാറ്റിൽ നിന്നുമാണ് അധികം ഉത്പാദനം പ്രതീക്ഷിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ വൈദ്യുതി ഉപഭോഗത്തിൽ 0.3 ശതമാനത്തോളം കുറവ് രേഖപ്പെടുത്തുമ്പോൾ,​ വികസ്വര രാജ്യങ്ങളിൽ ഉപഭോഗം പ്രതിവർഷം 6.3 ശതമാനത്തോളം വർദ്ധിച്ചു വരികയാണ്. ഫോസിൽ ഇന്ധനങ്ങളെ ഘട്ടംഘട്ടമായി കുറച്ചാണ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും പാരമ്പര്യേതര ഊർജ സ്രോതസിലേക്കു നീങ്ങുന്നത്. എന്നാൽ,​ പാരമ്പര്യേതര ഊർജോത്പാദനം ആറുവർഷംകൊണ്ട് മൂന്നിരട്ടിയായി വർദ്ധിപ്പിക്കുക എന്നത് ഇന്ത്യയടക്കം വികസ്വര രാജ്യങ്ങൾക്ക് ഏറെ ശ്രമകരമാണ്.

കാലാവസ്ഥാ സ്ഥിരത ഫണ്ടിന്റെ കാര്യത്തിൽ അംഗരാജ്യങ്ങളുടെ നിലപാടിൽ ഇനിയും വ്യക്തത വരാനുണ്ട്. കാലാവസ്ഥാമാറ്റം ചെറുക്കുന്ന കാര്യത്തിൽ സാങ്കേതിക വിദ്യയുടെ പ്രാധാന്യം, വികസ്വര- അവികസിത രാജ്യങ്ങൾക്കുള്ള നഷ്ടപരിഹാരം, ഗവേഷണ ഗ്രാന്റ് എന്നിവ കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ പ്രധാനമായും മൊറോക്കോയിലും, ലിബിയയിലും രൂപപ്പെട്ട പ്രകൃതി ദുരന്തങ്ങൾക്ക് ചർച്ചയിൽ കൂടുതൽ പ്രാധാന്യം ലഭിക്കാനിടയുണ്ട്. വർദ്ധിച്ചു വരുന്ന 'നിപ" അടക്കമുള്ള പകർച്ച വ്യാധികളും, ജന്തുജന്യ രോഗങ്ങളും ചർച്ച ചെയ്യപ്പെടുമ്പോൾ പരിസ്ഥിതിയോട് കൂടുതൽ ചേർന്നുനിൽക്കുന് 'വൺ ഹെൽത്ത്" എന്ന ആശയം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കൂടുതലായി പ്രവർത്തികമാക്കേണ്ടതുണ്ട്. കാലാവസ്ഥാമാറ്റം ചെറുക്കുവാനുള്ള സാങ്കേതിക വിദ്യകൾ, അഡ്വാൻസ്ഡ് ടെക്‌നോളജി, ബോധവത്കരണം, പരിശീലനം എന്നിവയ്ക്ക് ഉച്ചകോടിയിൽ കൂടുതൽ പ്രാധാന്യം ലഭിക്കും.