
മുഖത്ത് തിളക്കും കൂട്ടാനൊക്കെ ബ്യൂട്ടീപാർലറുകളെ ആശ്രയിക്കുന്ന നിരവധി പേരുണ്ട്. എന്നാൽ ഫേഷ്യൽ ചെയ്യാനൊക്കെ അയിരങ്ങൾ ചെലവാകുമെന്നതിനാൽ പലരും സാഹസത്തിന് മുതിരാറില്ല. നമ്മുടെ അടുക്കളയിലുള്ള പല സാധനങ്ങളും സൗന്ദര്യം സംരക്ഷിക്കാൻ സഹായിക്കും. വലിയ തുക കൊടുത്ത് ഫേഷ്യലും മറ്റും ചെയ്യാതെ തന്നെ വീട്ടിലിരുന്ന്, പോക്കറ്റ് കാലിയാകാതെ സുന്ദരിമാരും സുന്ദരന്മാരുമാകാമെന്ന് ചുരുക്കം.
അത്തരത്തിൽ മുഖത്തെ പാടുകൾ മാറ്റാനും മുഖത്തിന് തിളക്കം കൂട്ടാനുമൊക്കെ സഹായിക്കുന്ന ഒരു സാധനം നമ്മുടെ അടുക്കളയിലുണ്ട്. എന്താണെന്നല്ലേ? ഉരുളക്കിഴങ്ങ് ആണ് അത്. ഉരുളക്കിഴങ്ങിന്റെ നീരും ഗ്രീൻ ടീയും കൂടി ചേർത്ത് പതിവായി മുഖത്ത് പുരട്ടിയാൽ മുഖക്കുരു മൂലവും മറ്റുമുണ്ടായ പാടുകൾ അപ്രത്യക്ഷമാകും.
ഉരുളക്കിഴങ്ങ് നീര് മാത്രം പുരട്ടുന്നത് മുഖത്തെ അഴുക്ക് പോകാൻ സഹായിക്കും. അതുപോലെ മിക്കവരും ഇന്ന് അനുഭവിക്കുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് കണ്ണിനടിയിലെ കറുപ്പ്. ഉറക്കമില്ലായ്മയും സ്ട്രസും അടക്കമുള്ള കാരണങ്ങൾ മൂലമാണ് കണ്ണിനടിയിൽ കറുപ്പ് ഉണ്ടാകുന്നത്. ഇത് അകറ്റാനായി ഉരുളക്കിഴങ്ങ് നീര് കണ്ണിനടിയിൽ പുരട്ടിയാൽ മതി. ചർമത്തിന്റെ ചുളിവുകൾ അകറ്റാനും ഉരുളക്കിഴങ്ങ് സഹായിക്കും.
ഉരുളക്കിഴങ്ങ് പോലെത്തന്നെ തക്കാളിയും മുഖത്ത് പുരട്ടുന്നത് വളരെ നല്ലതാണ്. യുവത്വം നിലനിർത്താനും ചർമത്തിന് തിളക്കം കൂട്ടാനുമൊക്കെ തക്കാളി സഹായിക്കും. തക്കാളിയിൽ കുറച്ച് ചെറുനാരങ്ങ നീര് ചേർത്ത് പുരട്ടുന്നത് മുഖക്കുരുവിനെ തടയും.