earth

സൗരയൂഥത്തിൽ വലയങ്ങളുള്ള ഗ്രഹമാണ് ശനി. സൂര്യനെ വലംവയ്‌ക്കുന്ന എട്ട് ഗ്രഹങ്ങളിൽ വ്യാഴം കഴിഞ്ഞാൽ ഏറ്റവും വലുതും ശനിയാണ്. വലയങ്ങളാണ് ശനിയെ ഇങ്ങ് ഭൂമിയിൽ നിന്നുപോലും തിരിച്ചറിയാൻ സഹായിക്കുന്ന ഘടകം. എന്നാൽ ശനിയ്‌ക്ക് മാത്രമല്ല സൗരയൂഥത്തിൽ വലയമുള്ളത്. നമ്മുടെ ഭൂമിയ്‌ക്കും അത്തരം വലയമുണ്ടായിരുന്നു എന്നാണ് ശാസ്‌ത്ര ഗവേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. 466 മില്യൺ വർഷങ്ങൾക്ക് മുൻപാണ് ഇതെന്ന് മാത്രം.

എ‌ർത്ത് ആന്റ് പ്ളാനെറ്ററി സയൻസ് ലെറ്റേഴ്‌സ് എന്ന ശാസ്‌ത്ര ഗവേഷണ ലേഖനത്തിൽ പഴയകാലത്ത് ഭൂമിയിലുണ്ടായിരുന്ന ഈ വലയത്തെ കുറിച്ചും അത് ഭൂമിയിൽ ഉണ്ടാക്കിയ അന്തരീക്ഷത്തിലെ മാറ്റങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നു. ഭൂമിയുടെ സമീപത്തുകൂടി ഒരു വമ്പൻ ഛിന്നഗ്രഹം വന്നുപോയതിന്റെ ബാക്കിപത്രമാണ് ഈ വലയം. ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ ഒരു വസ്‌തുവിനെ നിർത്താൻ സാധിക്കുന്ന പരിധിയാണ് റോഷെ ലിമിറ്റ്. ഈ ലിമിറ്റിലെത്തിയ ഛിന്നഗ്രഹം പലഭാഗങ്ങളായി തകർന്നു. തുടർന്നുണ്ടായ അവശിഷ്‌ടങ്ങളും പൊടിയും ഭൂമിയുടെ മദ്ധ്യമേഖലയെ ചുറ്റുന്ന ഒരു വലയമായി മാറി.

ഏറെ കാലങ്ങൾ കഴിഞ്ഞപ്പോൾ ഭൂമിയുടെ ശക്തമായ ഗുരുത്വാകർഷണ ബലം കാരണം ഈ അവശിഷ്‌ടങ്ങൾ പലതും ഭൂമിയിലേക്ക് തന്നെ പതിച്ചു. ചെറിയ അവശിഷ്‌ടങ്ങൾ അന്തരീക്ഷത്തിൽ കത്തിയമർന്നപ്പോൾ വലിയവ ഭൂമിയിൽ പതിച്ച് ഗർത്തങ്ങളുണ്ടാകാൻ കാരണമായി. ഇത്തരത്തിൽ 21 ഗർത്തങ്ങൾ ഒർഡോവീസിയൻ കാലത്ത് ഉണ്ടായത് ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. 488 മില്യൺ മുതൽ 443 മില്യൺ വർഷങ്ങൾ പഴക്കമുള്ളവയാണ് ഇത്.

ഈ വലയം ഉണ്ടായിരുന്ന കാലത്ത് ഭൂമിയിൽ അന്തരീക്ഷത്തിന് പ്രകടമായ മാറ്റമുണ്ടായിരുന്നു. ശീതകാലസമയം ഭൂമിയിൽ പ്രകാശം കടക്കുന്നതിനെ വലയം കൂടുതൽ തടഞ്ഞേക്കാം അതേസമയം വേനൽകാലത്ത് കൂടുതൽ ചൂടുള്ള സൂര്യപ്രകാശവും താപനിലയും ഉണ്ടായിരുന്നുവെന്ന് മൊണാഷ് സർവകലാശാലയിലെ പ്ളാനിറ്ററി സയൻസ് പ്രൊഫസറായ ആൻഡ്രൂ ടോംകിൻസ് പറഞ്ഞു.

460 മുതൽ 465 വർഷങ്ങൾ വരെ മുൻപ് ഭൂമിയിൽ ഹിർനാന്റിയൻ ഹിമകാലം ആയിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ഭൂമിയിൽ വലയങ്ങളുണ്ടായിരുന്നു എന്ന് ഗവേഷകർ കണ്ടെത്തിയ കാലവും ഈ കാലവും തമ്മിൽ യോജിക്കുന്നുണ്ടെന്നത് കൗതുകകരമായ വസ്‌തുതയാണ്. ഈ വലയങ്ങൾ തന്നെയാകാം ഭൂമിയിൽ ഹിമകാലത്തിന് കാരണമായത്.

ഭൂമിയിൽ വലയങ്ങളുണ്ടായിരുന്നു എന്ന കണ്ടെത്തലും അതിന്റെ പ്രത്യാഘാതങ്ങളും എന്തെല്ലാമെന്ന് വരുംകാലങ്ങളിൽ മാത്രമേ തെളിയുകയുള്ളൂ. ഭൂമിയുടെ പുറത്തുണ്ടായ സംഭവങ്ങൾ പോലും ഭൂമിയിലെ കാലാവസ്ഥാ രൂപീകരണത്തിന് കാരണമായി എന്നത് തെളിയിക്കുന്നതാണ് ഈ കണ്ടെത്തലെന്ന് ആൻഡ്രൂ ടോംകിൻസ് ചൂണ്ടിക്കാട്ടുന്നു.