santhigiri-

തിരുവനന്തപുരം : മുന്‍രാഷ്ട്രപതി കെ ആര്‍ നാരായണന്റെ ഓര്‍മ്മദിനത്തില്‍ സ്മൃതിപഥമൊരുക്കി ശാന്തിഗിരി ആശ്രമം. ആശ്രമത്തിന്റെ ഹാപ്പിനസ് ഗാര്‍ഡനില്‍ അദ്ദേഹത്തിന്റെ അര്‍ദ്ധകായപ്രതിമ സ്ഥാപിച്ചാണ് കെ ആര്‍ നാരായണന്‍ സ്മൃതി ഒരുങ്ങുന്നത്.

പ്രതിമയുടെ അനാച്ഛാദനവും അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവും നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് നിര്‍വഹിക്കും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഇന്‍കംടാക്സ് അഡീഷണല്‍ കമ്മീഷണര്‍ ജ്യോതിഷ് മോഹന്‍, മാണിക്കല്‍ ഗ്രാമപഞ്ചാ‍യത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, ശാന്തിഗിരി ആശ്രമം ഉപദേശക സമിതി കമ്മ്യൂണിക്കേഷന്‍സ് വിഭാഗം അഡ്വൈസര്‍ സബീര്‍ തിരുമല, ഡോ.കെ.ആര്‍.നാരായണന്‍ ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി.രാജേന്ദ്രന്‍, മോഹന്‍ദാസ് ഗ്രൂപ്പ് ഓഫ് ‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ റാണി മോഹന്‍ദാസ്, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ആര്‍.സഹീറത്ത് ബീവി, ബിജെപി ജില്ലാ ട്രഷറര്‍ എം.ബാലമുരളി എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.

ശാന്തിഗിരി ആശ്രമവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു കെ.ആര്‍. നാരായണന്‍. 1998 കാലഘട്ടത്തില്‍ അദ്ധേഹത്തിന്റെ സഹോദരി കെ.ആര്‍.ഗൗരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീ കരുണാകര ഗുരുവിനെ കാണാന്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെത്തി. പിന്നീടാണ് കെ.ആര്‍.നാരായണന്‍ ആശ്രമത്തില്‍ എത്തുന്നതും ഗുരുവിനെ കാണുന്നതും. രാഷ്ട്രപതിയായിരിക്കെ ന്യൂഡല്‍ഹിയിലെ സാകേത് ബ്രാഞ്ചാശ്രമത്തില്‍ പലതവണ സന്ദര്‍ശിച്ചിരുന്നു. ഗുരുദര്‍ശനങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം തന്റെ കോട്ടയം ഉഴവൂരിലെ കുടുംബവീട് ഗുരുവിന് സമര്‍പ്പിച്ചിരുന്നു.