
അടുത്തയാഴ്‌ച വില പുറത്തിറങ്ങുന്നതിന് മുൻപുതന്നെ വാഹനപ്രേമികളുടെ പ്രിയപ്പെട്ട വാഹനത്തിന് ഗ്ളോബൽ എൻസിഎപി ക്രാഷ് ടെസ്‌റ്റിൽ മികച്ച റേറ്റിംഗ്. മാരുതിയുടെ സ്വിഫ്റ്റ് ഡിസയറിനാണ് ഗ്ളോബൽ എൻസിഎപി ക്രാഷ് ടെസ്‌റ്റിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് നേടാൻ കഴിഞ്ഞത്. നവംബർ 11നാണ് പുത്തൻ സ്വിഫ്‌റ്റ് ഡിസയറിന്റെ വിലവിവരം പുറത്തുവരിക.
ക്രാഷ് ടെസ്റ്റിന്റെ വിവരം പുറത്തുവന്നതോടെ ഈ ടെസ്‌റ്റിൽ പാസാകുന്ന മാരുതിയുടെ ആദ്യ കാറായി മാറിയിരിക്കുകയാണ് പുതിയ സ്വിഫ്‌റ്റ് ഡിസയർ. 34ൽ 31.24 പോയിന്റ് നേടിയാണ് ഡിസയർ ഫൈവ് സ്റ്റാർ ആയത്. ചൈൽഡ് ഒക്യുപന്റ് ടെസ്‌റ്റിൽ 49ൽ 39.20 ആണ് കാർ നേടിയത്.
വാഹനത്തിന്റെ ബോഡി സ്ഥിരതയുള്ളതും കൂടുതൽ ഭാരം താങ്ങാൻ ശേഷിയുള്ളതുമാണ് എന്നാണ് വിലയിരുത്തപ്പെട്ടത്. ഇബിഡി ഉള്ള ഓട്ടോമാറ്റിക് ബ്രേക്കിംഗ് സംവിധാനം, ഇഎസ്‌സി, റിവേഴ്‌സ് പാർക്കിംഗ് സെൻസർ, സീറ്റ്‌ബെൽറ്റ് റിമൈൻഡർ സംവിധാനം, സ്‌പീഡ് അലർട്ട് സിസ്‌റ്റം എന്നിവ പുതിയ സ്വിഫ്‌റ്റ് ഡിസൈറിലുണ്ട്. മാരുതി അവരുടെ വിവിധ മോഡൽ ശ്രേണിയിലെല്ലാം ഈ ഉയർന്ന സുരക്ഷാ പ്രകടനം കൈവരിക്കാൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്ളോബൽ എൻസിഎപി പ്രതികരിച്ചു.