d

ശ്രീനഗർ: ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം രണ്ടു ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ പ്രാദേശിക ഭീകരനാണ്.

ഇവരുടെ പക്കൽ നിന്ന് വെടിക്കോപ്പുകളും ആയുധങ്ങളും കണ്ടെടുത്തു. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും ജമ്മു കാശ്മീർ പൊലീസും ഓപ്പറേഷൻ നടത്തുകയായിരുന്നു. ഓപ്പറേഷനിടെ ഭീകരർ വെടിവയ്ക്കുകയും സൈന്യം തിരിച്ചടിക്കുകയുമായിരുന്നു.

വൻ ഓപ്പറേഷൻ,​ പ്രതിഷേധം

കിഷ്ത്വാർ ജില്ലയിൽ കഴിഞ്ഞ ദിവസം ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ രണ്ട് വില്ലേജ് ഡിഫൻസ് ഗാർഡുകളുടെ മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനായി സൈന്യം തെരച്ചിൽ ഊർജ്ജിതമാക്കി. ഭീകരരെ പിടികൂടുന്നതിനായി സംയുക്ത സേന വൻ ഓപ്പറേഷൻ നടത്തിവരുന്നു. ഡ്രോണുകളും സ്നിഫർ നായ്ക്കളെയും വിന്യസിച്ചിട്ടുണ്ട്. ഗ്രാമ പ്രതിരോധ സേനയിലെ അംഗങ്ങളായ നസീർ അഹമ്മദ്, കുൽദീപ് കുമാർ എന്നിവരെയാണ് കിഷ്ത്വാറിലെ വനമേഖലയിൽ നിന്ന് തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നത്. മൃതദേഹങ്ങളുടെ ചിത്രം ഭീകരർ പുറത്തു വിട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ നിഴൽ സംഘടനയായ കാശ്മീർ ടൈഗേഴ്സ് ഏറ്റെടുത്തു. ആക്രമണത്തിൽ പ്രതിഷേധിച്ച് വിവിധ പ്രദേശങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി. ഭീകരരെ ഉടൻ ഉന്മൂലനം ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ദ്രബ്ഷല്ല മേഖലയിൽ നൂറുകണക്കിന് ആളുകൾ ടയറുകൾ കത്തിച്ചും റോഡുകൾ തടഞ്ഞും പ്രതിഷേധിച്ചു. സംഭവത്തെ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയും ഉൾപ്പെടെ അപലപിച്ചിരുന്നു.

ഭീകരരിൽ നിന്ന് ഗ്രാമങ്ങളെ സംരക്ഷിക്കാൻ പ്രദേശവാസികളെ പരിശീലിപ്പിക്കുന്നതിനായി ജമ്മു കാശ്മീർ പൊലീസാണ് വില്ലേജ് ഡിഫൻസ് ഗ്രൂപ്പ് രൂപീകരിച്ചത്.