rahul

മെൽബൺ: ഇന്ത്യ എ-ഓസ്‌ട്രേലിയ എ അനൗദ്യോഗിക രണ്ടാം ടെസ്‌റ്റിലെ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യ എ ബാറ്റിംഗ് തകർച്ച നേരിടുകയാണ്. രണ്ടാം ദിനം രണ്ടാമിന്നിംഗ്‌സിൽ 73 റൺസ് നേടുന്നതിനിടെ ഇന്ത്യയുടെ അഞ്ച് വിക്കറ്റുകൾ നഷ്‌ടമായിക്കഴിഞ്ഞു. ആദ്യ ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയ 62 റൺസിന്റെ ലീഡാണ് നേടിയത്.

ഇന്ന് ഇന്ത്യയ്‌ക്ക് നഷ്‌ടമായ വിക്കറ്റുകളിൽ പ്രധാനം കെ എൽ രാഹുലിന്റേതാണ്. ഓപ്പണറായി ഇറങ്ങിയ താരം 44 പന്തുകൾ നേരിട്ട് 10 റൺസെടുത്ത് പുറത്തായി. ഒരു ഫോർ പോലും നേടാതെ ബാറ്റ് ചെയ്‌ത താരത്തിന്റെ പുറത്താകൽ ക്രിക്കറ്റ് ആരാധകരെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്. അനുഭവസമ്പന്നനായ താരം, ഓസീസ് സ്‌പിന്നർ കൊറി റോക്കിച്ചോളിയുടെ കുത്തി തിരിഞ്ഞുവന്ന പന്ത് പ്രതിരോധിക്കാതെ വിട്ടു ഇതോടെ കാലുകൾക്കിടയിലൂടെ ഓഫ്‌സ്‌റ്റമ്പിൽ തട്ടി താരം പുറത്തായി. സ്‌പിൻ ബൗളുകൾ എങ്ങനെ കളിക്കണം എന്നറിയില്ല എന്ന് ഇന്ത്യയുടെ പുതിയ കളിക്കാരെ കുറിച്ചുള്ള വിമർശനം അക്ഷരാർത്ഥത്തിൽ ശരിവയ്‌ക്കുന്നതായിരുന്നു പന്ത് വരുന്നവഴി മനസിലാക്കാതെയുള്ള രാഹുലിന്റെ പുറത്താകൽ.


ആരാധകരെപ്പോലെ തന്നെ പുറത്തായത് കണ്ട് രാഹുലും നിരാശയോടെ നീങ്ങുന്നതാണ് വീഡിയോയിൽ ഉള്ളത്. എന്താണ് രാഹുൽ ചിന്തിക്കുന്നതെന്നറിയില്ല എന്ന് കമന്ററി പറയുന്നതും വീഡിയോയിൽ കാണാം.