 എം.എൽ.എ ഫണ്ടിൽ നിന്ന് 40 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: വലിയതുറ ഗവ.സ്‌പെഷ്യാലിറ്റി ആശുപത്രി 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാൻ ആന്റണി രാജു എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.ഇതിനായി 2 ഡോക്ടർമാരെയും ആവശ്യമായ സ്റ്റാഫിനെയും അധികമായി നിയമിക്കുമെന്ന് ആരോഗ്യവകുപ്പും നഗരസഭ അധികൃതരും അറിയിച്ചു. ആംബുലൻസ്,ജനറേറ്റർ എന്നിവയടക്കമുള്ള അവശ്യവസ്തുക്കൾ വാങ്ങുന്നതിനും വെയിറ്റിംഗ് ഏരിയാ നിർമ്മിക്കുന്നതിനുമായി 40 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിക്കും.

നിലവിൽ രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ആശുപത്രിയുടെ പ്രവർത്തനം. പ്രതിദിനം 350ലേറെ രോഗികൾ ഇവിടെ ചികിത്സ തേടുന്നുണ്ട്.

ഡോക്ടർമാരുടെയും മറ്റ് സ്റ്റാഫുകളുടെയും കുറവിലാണ് മുഴുവൻ സമയം പ്രവർത്തിക്കാതിരുന്നത്. ഈ സാഹചര്യത്തിൽ കൂടുതലായി 2 ഡോക്ടർമാർ ഉൾപ്പെടെ ആവശ്യമായ സ്റ്റാഫിനെ നിയമിക്കാമെന്ന് ആരോഗ്യവകുപ്പും ഒരു ഡോക്ടറെയും ഫാർമസിസ്റ്റിനെയും നിയമിക്കാമെന്ന് നഗരസഭ അധികൃതരും യോഗത്തെ അറിയിച്ചു.

നിലവിലുള്ള കെട്ടിടത്തിന്റെ ചോർച്ച പരിഹരിക്കുന്നതിനും മറ്റ് അറ്റകുറ്റപ്പണികൾക്കും അടിയന്തര നടപടി സ്വീകരിക്കുമെന്ന് കോർപ്പറേഷൻ അധികൃതർ ഉറപ്പുനൽകി. ഡി.എം.ഒ ഡോ.ബിന്ദു മോഹൻ,ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ഷീല,കൗൺസിലർമാരായ ഐറിൻ ദാസൻ,സുധീർ,മിലാനി പെരേര തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.