
റാഞ്ചി: ജാർഖണ്ഡിലെ ആദിവാസികളിൽ നിന്ന് ജലം, വനം, ഭൂമി എന്നിവ തട്ടിയെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ജലം, വനം, ഭൂമി എന്നിവ ആർ.എസ്.എസിനും മുതലാളിമാർക്കും അവകാശപ്പെട്ടതാണെന്ന് വിശ്വസിക്കുന്നതിനാലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിങ്ങളെ വനവാസി എന്ന് വിളിക്കുന്നതെന്നും പറഞ്ഞു. ഇന്നലെ ജാർഖണ്ഡിലെ സിംഡെല്ലയിൽ പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
ഭരണഘടനയെ ബി.ജെ.പി നിരന്തരം ആക്രമിക്കുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള 'ഇന്ത്യ' സഖ്യം ഭരണഘടനയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ബി.ജെ.പി മണിപ്പൂരിനെ കത്തിക്കുന്നു. രാജ്യത്തെ ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്നു. 90 ശതമാനം ജനങ്ങൾക്കും അവകാശങ്ങളും ആനുകൂല്യങ്ങളും ഇല്ലാതാക്കി. ഹരിയാന തിരഞ്ഞെടുപ്പിൽ ജാട്ടുകൾ അല്ലാത്തവർക്കെതിരെ ബി.ജെ.പി ജാട്ടുകളെ കുത്തിയിളക്കി.
25 മുതലാളിമാരുടെ 16 ലക്ഷം കോടി രൂപയുടെ വായ്പകൾ ബി.ജെ.പി എഴുതിത്തള്ളി. യു.പി.എ ഭരണകാലത്ത് കർഷകരുടെ 72,000 കോടി രൂപയുടെ കടം ലഘൂകരിക്കാൻ കോൺഗ്രസിന് സാധിച്ചു.
സംവരണത്തിന്റെ 50 ശതമാനം പരിധി ഉയർത്തും. ജാതി സെൻസസ് നടത്തും. ജാതി സെൻസസ് ആവശ്യപ്പെട്ടതിന് പ്രധാനമന്ത്രി മോദി, തങ്ങൾ ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന ആരോപിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
സ്‌ത്രീകൾക്ക് 2500രൂപ
ജാർഖണ്ഡിലെ സ്ത്രീകൾക്ക് മാസം 2,500 രൂപ സഹായവും ഏഴ് ഉറപ്പുകളും രാഹുൽ പ്രഖ്യാപിച്ചു. നിലവിൽ 1000 രൂപയാണ് സഹായം. മറ്റ് വാഗ്‌ദാനങ്ങൾ: പട്ടികജാതി സംവരണം 12 ശതമാനമായും പട്ടികവർഗത്തിന് 28 ശതമാനമായും ഒ.ബി.സിക്ക് 27 ശതമാനമായും വർദ്ധിപ്പിക്കും, കുടുംബങ്ങൾക്ക് 15 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ്, നെല്ലിന് ക്വിന്റലിന് 3,200 രൂപ താങ്ങുവില, 450രൂപയ്‌ക്ക് ഗ്യാസ് സിലിണ്ടർ, മാസം 7 കിലോ റേഷൻ , യുവജനങ്ങൾക്കായി ഓരോ ബ്ലോക്കിലും ഒരു ഡിഗ്രി കോളേജും എല്ലാ ജില്ലകളിലും ഒരു പ്രൊഫഷണൽ കോളേജും ഒരു യൂണിവേഴ്സിറ്റിയും.