
കൊച്ചി : മഴയിലും ചോരാതെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ ട്രാക്കിലും ഫീൽഡിലും കായികാവേശം.
മാനത്ത് ഉരുണ്ടുകൂടിയ മേഘങ്ങൾക്കൊപ്പം പറന്ന് സീനിയർ പെൺകുട്ടികളുടെ പോൾവോൾട്ടിൽ എറണാകുളത്തിന്റെ ജീനാ ബേസിൽ റെക്കാഡ് തിരുത്തിയ അത്‌ലറ്റിക്‌സ് മത്സരങ്ങളുടെ രണ്ടാം ദിനം, ട്രാക്കിനെ ചൂടുപിടിപ്പിച്ച് ആതിഥേയരുടെ തന്നെ അൻസ്വാഫ് അഷ്‌റഫ് വേഗരാജാവായി. മഴയെക്കൂസാതെ ആർപ്പുവിളികളുമായി കാണികൾ കുട്ടിത്താരങ്ങൾക്ക് കരുത്തുപകർന്നു.
അൻസ്വാഫ് അരേ വാഹ്!
ശ്രേയസോടെ ശ്രേയ
സീനിയർ ആൺകുട്ടികളിൽ 10.81 സെക്കൻഡിൽ ഫിനിഷ് ലൈൻ തൊട്ടാണ് എറണാകുളത്തിന്റെ അൻസ്വാഫ് കെ. അഷറഫ് മീറ്റിലെ വേഗമേറിയ താരമായത്. സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസ് കീരമ്പാറയിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് അൻസ്വാഫ്.
സീനിയർ താരങ്ങളേക്കാൾ വേഗത്തിൽ കുതിച്ചോടി ജൂനിയറിൽ മത്സരിച്ച ആലപ്പുഴയുടെ ആർ.ശ്രേയ വേഗമേറിയ പെൺതാരമായി. ആലപ്പുഴ സെന്റ ജോസഫ്‌സ് ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിയായ ശ്രേയ 12.54 സെക്കൻഡിലാണ് പൊന്നണിഞ്ഞത്. സീനിയർ പെൺകുട്ടികളിൽ ഒന്നാം സ്ഥാനത്തെത്തിയ തിരുവനന്തപുരത്തിന്റെ രഹന രഘു കുറിച്ചത് 12.62 സെക്കൻഡാണ്. പോയവർഷം അതിവേഗ പോരാട്ടത്തിൽ രണ്ടാം സ്ഥാനക്കാരിയായ സങ്കടം പമ്പകടത്തി രഹ്ന രഘു.
ജൂനിയർ ആൺകുട്ടികളിൽ പാലക്കാടിന്റെ ജെ.നിവേദ് കൃഷ്ണയും 10.98 സെക്കന്റിൽ പൊന്നായി.
സബ്‌ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ സ്വർണം നേടിയ 50 ശതമാനത്തോളം മാത്രം കാഴ്ചയുള്ള കാസർകോടിന്റെ (12.40 സെക്കൻഡ്) നിയാസ് അഹമ്മദ് മീറ്റിലെ മിന്നും താരമായി. സബ്‌ജൂനിയർ പെൺകുട്ടികളിൽ ഇടുക്കിയുടെ ദേവപ്രിയ ഷൈബു 13.17 സെക്കൻഡിൽ ഒന്നാമതായി.
അരങ്ങിൽ കൃഷ്ണവേഷം ; ട്രാക്കിൽ പായുംപുലി
കഥകളി അരങ്ങിൽ പച്ചവേഷം മാത്രം ചെയ്യുന്ന ആർ. ശ്രേയ അത്‌ലറ്റിക്സ് ട്രാക്കിൽ എത്തിയാൽ പിന്നെ ആളാകെ മാറും. കൃഷ്ണവേഷവും ദുര്യോധനനുമെല്ലാം ആടിയ ആൾപെട്ടെന്ന് സ്പ്രിൻ്റ് ഇതിഹാസം ഷെല്ലി ആൻ ഫ്രെയ്സറെ പോലെയാകും. ജൂനിയർ ഗേൾസ് 100 മീറ്റർ ഓട്ടത്തിൽ 12.54 സെക്കൻഡിൽ സീനിയർ പെൺകുട്ടികളെ പിന്നിലാക്കുന്ന വേഗത്തിലാണ് ശ്രേയ മഹാരാജാസ് ട്രാക്കിൽ തീയായത്. കളർകോട് ക്ഷേത്രത്തിൽ കഥകളി കഴിഞ്ഞാണ് എറണാകുളത്തേയ്ക്ക് വണ്ടികയറിയത്. മൂന്നാം ക്ലാസ്മുതൽ ശ്രേയ കായിക രംഗത്തുണ്ട്. ആറാം ക്ലാസിൽ പഠിക്കെ കഥകളി അഭ്യസിച്ച് തുടങ്ങി. ആഴ്ചയിൽ രണ്ട് ദിവസം കഥകളിക്കും ബാക്കി ദിവസം കായിക പരിശീലനത്തിനും മാറ്റിവയ്ക്കും.
മലപ്പുറം മുന്നോട്ട്
രണ്ടാം ദിനത്തെ മത്സരങ്ങൾ അവസാനിക്കുമ്പോഴും മലപ്പുറം കുതിപ്പ് തുടരുകയാണ്.7സ്വർണവും 6വെള്ളിയും 5 വെങ്കലവുമുൾപ്പെടെ 63 പോയിന്റുമായാണ് മലപ്പുറം മുന്നേറ്റം തുടരുന്നത്. നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് 52 പോയിന്റുമായി പിന്നാലെയുണ്ട്. 7 സ്വർണവും 3 വെള്ളിയും 8 വെങ്കലവും 4 സ്വർണവും 6 വെള്ളിയുമായി 38 പോയിന്റ് നേടിയ ആതിഥേയരായ എറണാകുളമാണ് മൂന്നാം സ്ഥാനത്ത്.
മാർബേസിൽ കുതിപ്പ്
സ്കൂളുകളിൽ 3 സ്വർണവും 6 വെള്ളിയുമായി 33 പോയിന്റുമായി കോതമംഗലം മാർബേസിൽ സ്കൂളാണ് മുന്നിൽ. നിലവിലെ ചാമ്പ്യന്മാരായ ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശേരി 3 വീതം സ്വർണവും വെങ്കലവും 1 വെള്ളിയുമായി രണ്ടാം സ്ഥാനത്തുണ്ട്. 1 സ്വർണവും 3 വെള്ളിയുമുൾപ്പെടെ 14 പോയിന്റുമായി ഇടുക്കി കാൽവരിമൗണ്ടാണ് മൂന്നാമത്.
18
ഇന്ന് 18 ഫൈനലുകൾ നടക്കും