
വാഷിംഗ്ടൺ: വിജയത്തിന് പിന്നാലെ ആദ്യ ക്യാബിനറ്റ് പോസ്റ്റ് പ്രഖ്യാപിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞ സൂസി വൈൽസിനെ (67) വൈറ്റ് ഹൗസ് ചീഫ് ഒഫ് സ്റ്റാഫായി നിയമിച്ചു. ചരിത്രത്തിലാദ്യമായാണ് ഈ പദവിയിൽ ഒരു സ്ത്രീ വരുന്നത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മാനേജറായിരുന്നു സൂസി. 2016ലും ട്രംപിന്റെ പ്രചാരണ ടീമിന്റെ ഭാഗമായിരുന്നു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വിജയങ്ങളിലൊന്ന് നേടാൻ തന്നെ സഹായിച്ചത് സൂസിയാണെന്ന് ട്രംപ് പറഞ്ഞു. പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഓഫീസിന്റെ മേധാവിയാണ് വൈറ്റ് ഹൗസ് ചീഫ് ഒഫ് സ്റ്റാഫ്.
# ട്രംപിന്റെ വിജയശില്‌പി
അമേരിക്കൻ ഫുട്ബാൾ താരം പാറ്റ് സമ്മറാളിന്റെ മകൾ
1980ൽ റൊണാൾഡ് റീഗന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗം
നിരവധി ഗവർണർമാരെയും മേയർമാരെയും വിജയത്തിലെത്തിച്ചു
മികച്ച രാഷ്ട്രീയ ഉപദേശക
കർക്കശ്ശക്കാരി. രണ്ട് പെൺ മക്കളുടെ അമ്മ. മുത്തശ്ശി
# ഏഴ് സീറ്റ് അകലെ
ജനപ്രതിനിധി സഭയിൽ ഏഴ് സീറ്റുകൾ കൂടി നേടിയാൽ ഭരണത്തിന്റെ നിയന്ത്രണം പൂർണമായും ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് സ്വന്തമാകും. 435 അംഗ സഭയിൽ 211 സീറ്റുകൾ റിപ്പബ്ലിക്കൻമാർ നേടി. ഡെമോക്രാറ്റുകൾ 199 സീറ്റും. സെനറ്റിന്റെ നിയന്ത്രണവും റിപ്പബ്ലിക്കൻമാർ സ്വന്തമാക്കിയിരുന്നു. അതിനിടെ, നെവാഡയിൽ ജയിച്ചതോടെ ട്രംപിന്റെ ഇലക്ടറൽ വോട്ടുകൾ 301 ആയി. ഇനി അരിസോണയിലെ ഫലം മാത്രം ശേഷിക്കുന്നു. ഇവിടെയും ട്രംപിനാണ് ലീഡ് (11ഇലക്ടറൽ വോട്ട്).