
മുംബയ്: അഖിലഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ (എ.ബി.വി.പി) ദേശീയാദ്ധ്യക്ഷനായി പ്രൊഫ. രാജ് ശരൺ ഷാഹി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ജനറൽ സെക്രട്ടറിയായി ഡോ. വീരേന്ദ്ര സിംഗ് സോളങ്കിയും തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച മുംബയിലെ എ.ബി.വി.പി. ആസ്ഥാനത്തായിരുന്നു തിരഞ്ഞെടുപ്പ്.
ഗൊരഖ്പുരിൽ നവംബർ 22, 23, 24 തീയതികളിൽ നടക്കുന്ന 70ാം ദേശീയ സമ്മേളനത്തിൽ ഇരുവരും ചുമതല ഏറ്റെടുക്കുമെന്ന് തിരഞ്ഞെടുപ്പ് ഓഫീസറും ദേശീയ നിർവാഹക സമിതി അംഗവുമായ പ്രൊഫ. പ്രശാന്ത് സേത്ത് അറിയിച്ചു.
ഗൊരഖ്പുർ സ്വദേശിയാണ് രാജ്ശരൺ ഷാഹി. ലക്‌നൗവിലെ ബാബാസാഹേബ് ഭീംറാവു അംബേദ്കർ സർവകലാശാലയിൽ വിദ്യാഭ്യാസവിഭാഗം അദ്ധ്യാപകനാണ്. 112 ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും ദേശീയ, അന്തർദേശീയ ജേണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
മദ്ധ്യപ്രദേശിലെ ഉദയ്നഗർ സ്വദേശിയാണ് ഡോ. വീരേന്ദ്ര സിങ് സോളങ്കി. ശ്രീ അരബിന്ദോ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽസിൽ നിന്ന് എം.ബി.ബി.എസ് എടുത്തു. ഇൻഡോറിലെ ഗവൺമെന്റ് ഓട്ടോണമസ് അഷ്ടാംഗ ആയുർവേദ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ താത്കാലിക മെഡിക്കൽ ഓഫീസറാണ്. എ.ബി.വി.പിയുടെ മെഡിവിഷൻ സംഘടനയുടെ ദേശീയ കൺവീനറായിരുന്നു.