sanju

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ മലയാളി താരം സഞ്ജു വി സാംസണ് സെഞ്ച്വറി. ട്വന്റി 20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും സഞ്ജു സ്വന്തം പേരിലാക്കി. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാന മത്സരത്തിലും താരം സെഞ്ച്വറി നേടിയിരുന്നു. 47 പന്തുകളില്‍ നിന്ന് മൂന്നക്കം തികച്ച താരം 50 പന്തുകളില്‍ 107 റണ്‍സ് നേടി പുറത്തായി. പത്ത് സിക്‌സറുകളും ഏഴ് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു തിരുവനന്തപുരത്തുകാരന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്.

ബംഗ്ലാദേശിനെതിരെ ഹൈദരാബാദില്‍ നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങുകയായിരുന്നു മലയാളി താരം സഞ്ജു വി സാംസണ്‍. ഡര്‍ബനിലെ കിംഗ്‌സമേഡ് സ്റ്റേഡിയത്തില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിലൂടെയാണ് താരം സെഞ്ച്വറി തികച്ച് ബാറ്റിംഗ് തുടരുന്നത്. തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിച്ചാണ് താരം മുന്നേറിയത്. സ്പിന്നര്‍മാര്‍ക്കും പേസര്‍മാര്‍ക്കുമെതിരെ ഒരുപോലെ മികവ് കാണിക്കുന്ന താരമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്ന പ്രകടനാണ് സഞ്ജു പുറത്തെടുത്തത്.

അതേസമയം, സഞ്ജു പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ സ്‌കോറിംഗ് വേഗതയും കുറഞ്ഞു. 15.4 ഓവറില്‍ ടീം സ്‌കോര്‍ 175 റണ്‍സ് എത്തിനില്‍ക്കെയാണ് സഞ്ജു മടങ്ങിയത്. നിശ്ചിത 20 ഓവറുകളില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് ഇന്ത്യ നേടിയത്. തിലക് വര്‍മ്മ 33(18), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 21(17) എന്നിവര്‍ക്ക് മാത്രമാണ് പിന്നീട് കാര്യമായി സ്‌കോര്‍ നേടാന്‍ കഴിഞ്ഞത്. ഹാര്‍ദിക് പാണ്ഡ്യ 2(6), റിങ്കു സിംഗ് 11(10), അക്‌സര്‍ പട്ടേല്‍ 7(7) എന്നിവര്‍ നിരാശപ്പെടുത്തി. ഓപ്പണര്‍ അഭിഷേക് ശര്‍മ്മ 7(8) റണ്‍സ് മാത്രം നേടി പുറത്തായി.