sanju

ട്വന്റി -20യിൽ സഞ്ജുവിന് വീണ്ടും സെഞ്ച്വറി,47 പന്തിൽ 107 റൺസ്

ഡർബൻ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി-20 മത്സരത്തിൽ സെഞ്ച്വറി നേട‌ി സഞ്ജു സാംസൺ വിസ്മയമായപ്പോൾ ഇന്ത്യയ്ക്ക് 61 റൺസ് ജയം. ഇന്നലെ ഡർബനിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ സഞ്ജു 47 പന്തുകളിലാണ് സെഞ്ച്വറി തികച്ചത്. 50 പന്തുകളിൽ ഏഴു ഫോറും 10 സിക്സുമടക്കം 107 റൺസ് നേടിയാണ് പുറത്തായത്.

നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 202 റൺസാണ് ഇന്ത്യ നേടിയത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 17.5 ഓവറിൽ 141 റൺസിന് ആൾഔട്ടായി. ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തിയും രവി ബിഷ്ണോയ്‌യും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സഞ്ജുവാണ് മാൻ ഒഫ് ദ മാച്ച്.

സഞ്ജുവിനെക്കൂടാതെ അഭിഷേക് ശർമ്മ(7), സൂര്യകുമാർ യാദവ് (21), തിലക് വർമ്മ (33), ഹാർദിക് പാണ്ഡ്യ (2), റിങ്കു സിംഗ് (11),അക്ഷർ പട്ടേൽ (7), രവി ബിഷ്ണോയ് (1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

തുടക്കം മുതൽ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ പ്രഹരിച്ച സഞ്ജു നേരിട്ട 27-ാമത്തെ പന്തിൽ അർദ്ധ സെഞ്ച്വറിയിലെത്തി. സഹ ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് ശേഷമെത്തിയ സൂര്യകുമാറുമായി ചേർന്ന് ആറോവറിൽ 66 റൺസടിച്ചുകൂട്ടി. സൂര്യ മടങ്ങിയശേഷം തിലകിനൊപ്പം സെഞ്ച്വറിയിലേക്ക് കുതിച്ചു.തിലകിനൊപ്പം 77 റൺസാണ് കൂട്ടിച്ചേർത്തത്.

2

അന്താരാഷ്ട്ര ട്വന്റി-20യിൽ തുടർച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരവും നാലാമത്തെ ലോകതാരവുമാണ് സഞ്ജു. കഴിഞ്ഞമാസം ബംഗ്ളാദേശിനെതിരെ സഞ്ജുവിന്റെ 111 റൺസ് നേടിയിരുന്നു.

10

ഇന്നലെ 10 സിക്സുകൾ പായിച്ച സഞ്ജു ഒരു ട്വന്റി-20 ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ പറത്തിയ രോഹിത് ശർമ്മയുടെ റെക്കാഡിനൊപ്പമെത്തി.2017ൽ ശ്രീലങ്കയ്ക്ക് എതിരെയാണ് രോഹിത് 10 സിക്സ് പറത്തിയത്.

107

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന ട്വന്റി-20 സ്കോറാണ് സഞ്ജുവിന്റേത്. 2015ൽ രോഹിത് നേടിയ 106 റൺസാണ് മറികടന്നത്.

47

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി.കഴിഞ്ഞ വർഷം സൂര്യകുമാർ 55 പന്തിൽ നേടിയ സെഞ്ച്വറിയുടെ റെക്കാഡ് മറികടന്നു,

7000

ട്വന്റി-20 ഫോർമാറ്റിൽ സഞ്ജു 7000 റൺസ് മറികടന്നു. വ്യക്തിഗത സ്കോർ 59ലെത്തിയപ്പോഴാണ് ഈ നാഴികക്കല്ലിലെത്തിയത്.