
ഒട്ടാവ: അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതിന് ശേഷം ഇപ്പോഴിതാ കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോയുടെ പതനമുണ്ടാകുമെന്ന് പ്രവചിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. ട്രൂഡോയെ പുറത്താക്കാന്‍ കാനഡയെ സഹായിക്കണമെന്ന് എക്‌സില്‍ ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് മസ്‌കിനോട് അഭ്യര്‍ത്ഥിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മസ്‌ക്. ജസ്റ്റിന്‍ ട്രൂഡോയുടെ രാഷ്ട്രീയ തകര്‍ച്ചയുടെ തുടക്കം ആരംഭിച്ചുവെന്നാണ് മസ്‌ക് പറയുന്നത്.
2025ലാണ് കാനഡയില്‍ ട്രൂഡോ തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്നത്. ഇത് കനേഡിയന്‍ പ്രധാനമന്ത്രിക്ക് കടുത്ത പരീക്ഷണകാലമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ട്രൂഡോയുടെ ജനപ്രീതിയില്‍ കടുത്ത ഇടിവാണ് സംഭിച്ചുകൊണ്ടിരിക്കുന്നത്. അനിയന്ത്രിതമായ കുടിയേറ്റം രാജ്യത്ത് സംഭവിക്കുന്നതിനെ ട്രൂഡോ പിന്തുണക്കുകയാണെന്ന് പറഞ്ഞ് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് കാനഡ നേതാവ് മാക്‌സിം ബെര്‍ണിയര്‍ കടുത്ത വിമര്‍ശനങ്ങളാണ് കനേഡിയന്‍ പ്രധാനമന്ത്രിക്ക് എതിരെ ഉയര്‍ത്തിയത്.
സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ കുറയുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ ഫലവത്തായി ഇടപെടാന്‍ ട്രൂഡോയുടെ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ലെന്ന ആരോപണം രാജ്യത്ത് ശക്തമാണ്. ഇന്ത്യക്കാരുള്‍പ്പെടെ നിരവധി ദക്ഷിണേഷ്യക്കാര്‍ കാനഡയിലേക്ക് കുടിയേറിപ്പാര്‍ക്കുന്നുണ്ട്. ഒട്ടുമിക്ക തൊഴില്‍ മേഖലയും ഇവര്‍ കയ്യടക്കിയ അവസ്ഥയാണ്. അതിനാല്‍ തന്നെ തദ്ദേശീയര്‍ക്കിടയില്‍ കടുത്ത അമര്‍ഷവുമുണ്ട്. ഇതെല്ലാം ട്രൂഡോയുടെ ജനപ്രീതി കുറയുന്നതിന് കാരണമായി വിലയിരുത്തപ്പെടുന്നു.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി കാനഡയുടെ നയതന്ത്ര ബന്ധത്തിലും വലിയ ഉലച്ചില്‍ സംഭവിച്ചതും ട്രൂഡോയുടെ കാലത്താണ്. അടുത്തിടെ കാനഡയ്ക്ക് സൈബര്‍ സുരക്ഷയില്‍ ഭീഷണി ഉയര്‍ത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയേയും ട്രൂഡോ ഭരണകൂടം ഉള്‍പ്പെടുത്തിയിരുന്നു.