
ഡര്‍ബന്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 61 റണ്‍സിനാണ് സൂര്യകുമാര്‍ യാദവും സംഘവും ആതിഥേയരെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ മറുപടി17.5 ഓവറില്‍ 141 റണ്‍സില്‍ ഒതുങ്ങി. സെഞ്ച്വറി നേടിയ സഞ്ജു സാംസണ്‍, മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ് എന്നിവരാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. സഞ്ജുവാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
സ്‌കോര്‍: ഇന്ത്യ 202-8 (20) | ദക്ഷിണാഫ്രിക്ക 141-10 (17.5)
203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്റെ വിക്കറ്റ് നഷ്ടമായി. എട്ട് റണ്‍സ് നേടിയ താരത്തെ അര്‍ഷ്ദീപിന്റെ പന്തില്‍ സഞ്ജു പിടിച്ച് പുറത്താകുകയായിരുന്നു. പിന്നീട് റിയാന്‍ റിക്കിള്‍ട്ടണ്‍ 21(11), ട്രിസ്റ്റന്‍ സ്റ്റബ്‌സ് 11(11) എന്നിവരും പെട്ടെന്ന് പുറത്തായി. നാലാം വിക്കറ്റില്‍ ഡേവിഡ് മില്ലര്‍ 18(22), ഹെയ്ന്റിച്ച് ക്ലാസന്‍ 25(22) എന്നിവര്‍ ചേര്‍ന്ന് 42 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തില്‍ ഇരുവരും പുറത്തായി.
മില്ലറും ക്ലാസനും പുറത്തായതോടെ ദക്ഷിണാഫ്രിക്കയുടെ ജയപ്രതീക്ഷകളും അവസാനിച്ചു. പിന്നീട് വന്ന പാട്രിക് ക്രൂഗര്‍ 1(2), ആന്റിലേ സൈംലൈന്‍ 6(4) എന്നിവരും പുറത്തായപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 93ന് ഏഴ് എന്ന നിലയിലേക്ക് വീണു. എട്ടാമനായി മാര്‍ക്കോ യാന്‍സന്‍ 12(8) വീണപ്പോള്‍ സ്‌കോര്‍ വെറും 114 റണ്‍സ് മാത്രം. 23 റണ്‍സ് നേടിയ ജെറാഡ് കോട്‌സെ റണ്ണൗട്ടായതോടെ അവശേഷിച്ച പ്രതീക്ഷയും അസ്തമിക്കുകയായിരുന്നു. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ് എന്നിവര്‍ക്ക് പുറമേ ആവേശ് ഖാന്‍ രണ്ട് വിക്കറ്റുകളും അര്‍ഷ്ദീപ് സിംഗ് ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, മലയാളി താരം സഞ്ജു വി സാംസണ്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറി 107(50) മികില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടിയിരുന്നു. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലാണ് താരം സെഞ്ച്വറി കുറിച്ചത്. ഇതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോഡും സഞ്ജു സ്വന്തമാക്കി. പത്ത് സിക്‌സറുകളും ഏഴ് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.
ഇന്ത്യക്ക് വേണ്ടി തിലക് വര്‍മ്മ 33(18), സൂര്യകുമാര്‍ 21(17) റണ്‍സ് വീതവും നേടിയപ്പോള്‍, അഭിഷേക് ശര്‍മ്മ 7(8), ഹാര്‍ദിക് പാണ്ഡ്യ 2(6), റിങ്കു സിംഗ് 11(10), അക്‌സര്‍ പട്ടേല്‍ 7(7) എന്നിവര്‍ക്ക് ബാറ്റിംഗില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജെറാഡ് കോട്‌സെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മാര്‍ക്കോ യാന്‍സെന്‍, കേശവ് മഹാരാജ്, ഖ്വാബയോംസി പീറ്റര്‍, പീറ്റര്‍ ക്രൂഗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.