
തൃശൂർ: തൃശൂരിൽ ഫയർ വർക്സ് പാർക്ക് നഷ്ടമായതിന് പിന്നിൽ ശിവകാശി ലോബിയോ?. കഴിഞ്ഞ ബഡ്ജറ്റിൽ പത്തുകോടി രൂപ മാറ്റിവച്ചിട്ടും പാർക്ക് നടപ്പാകില്ലെന്നത് ഉത്സവപ്രേമികളെയും സംഘാടകരെയും നിരാശരാക്കുന്നുണ്ട്. കഴിഞ്ഞ മന്ത്രിസഭയിലെ വി.എസ്. സുനിൽകുമാറും എ.സി. മൊയ്തീനും ദേവസ്വം ഭാരവാഹികളും മറ്റു വിദഗ്ദ്ധരുമായി ചർച്ച ചെയ്താണ് ഫയർവർക്‌സ് പാർക്ക് ആരംഭിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയത്.
ചേലക്കരയിലെ വരവൂരിൽ ആനയുടമസ്ഥർ അമ്പത് ഏക്കർ സ്ഥലവും നൽകാമെന്നേറ്റിരുന്നു. തുടർന്നാണ് പത്തുകോടി രൂപ ബഡ്ജറ്റിൽ നീക്കിവച്ചത്. തീരുമാനമെടുത്ത ശേഷം വെള്ളപ്പൊക്കവും, കൊവിഡും മൂലം പാർക്ക് തുടങ്ങാനാകാതെ പോയെന്നാണ് ദേവസ്വം ഭാരവാഹികളെ പോലും ഇതുവരെ അറിയിച്ചിരുന്നത്. ബഡ്ജറ്റിൽ തുക നീക്കിവച്ചത് ചെലവഴിച്ചില്ലെങ്കിൽ അടുത്ത ബഡ്ജറ്റിലേക്ക് മാറ്റി പദ്ധതിക്ക് വീണ്ടും ജീവൻ നൽകാനാകും.
എന്നാൽ ഒരു മുതിർന്ന മന്ത്രി തന്നെ എതിർത്തതോടെ തൃശൂരുകാരായ അന്നത്തെ മന്ത്രിമാർക്കും കാര്യങ്ങൾ അത്ര അനുകൂലമല്ലാതായി. ഇതോടെ തൃശൂരിൽ ഫയർ വർക്സ് പാർക്കെന്ന സ്വപ്നം തന്നെ അസ്തമിച്ച അവസ്ഥയിലാണ്.
പിന്നിൽ ശിവകാശി ലോബി
ഫയർ വർക്സ് പാർക്ക് വന്നാൽ ശിവകാശിയിലേക്ക് വെടിക്കെട്ട് മരുന്നിന്റെ പരിശോധനയ്ക്കും മറ്റൊരാവശ്യങ്ങൾക്കും പോകേണ്ടി വരില്ല. ഡൈന, അമിട്ട്, ഗുണ്ട് തുടങ്ങിയവ നിർമിക്കാനും പരിശോധിക്കാനും പടക്ക നിർമാണ യൂണിറ്റുകളും ആരംഭിക്കാനാകും. പെസോയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാൽ കേരളത്തിലെ എല്ലാവർക്കും എളുപ്പത്തിൽ വെടിക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടത്താനാകും. ഇതെല്ലാം അറിയുന്ന ശിവകാശി ലോബി സ്വാധീനം ചെലുത്തി തൃശൂരിൽ ഫയർവർക്‌സ് പാർക്ക് തുടങ്ങാനുള്ള നീക്കം തകർക്കുകയായിരുന്നുവെന്നാണ് ആരോപണം.
കളിച്ചത് മുൻ മന്ത്രി ?
മന്ത്രി ഇ.പി. ജയരാജൻ രാജിവച്ച് എ.സി. മൊയ്തീൻ വ്യവസായ വകുപ്പിന്റെ ചുമതല വഹിച്ചപ്പോഴാണ് പദ്ധതിക്ക് പച്ചക്കൊടി കാണിച്ചത്. എന്നാൽ കഴിഞ്ഞ കാലയളവിൽ മന്ത്രിയായ ഒരു വ്യക്തിയെ ബി.ജെ.പി നേതാക്കളുമായുള്ള അടുപ്പം ഉപയോഗിച്ച് ശിവകാശി ലോബി സ്വാധീനിച്ചതാണ് പദ്ധതിക്ക് വിനയായത്. ഇതോടെ ഫയർ വർക്സ് പാർക്ക് എന്ന പദ്ധതി തന്നെ ഇല്ലാതായി.