
തൃശൂർ: ''ദേ...ദ് മ്മ്‌ടെ അപ്പാപ്പന്റെ ഫോട്ടോല്ലേ..."" തോമേട്ടന്റെ ചായക്കടയിൽ വരുന്നവർ ചുവരിലേക്ക് ചൂണ്ടിപ്പറയും. അവരുടെ വീട്ടിൽ പോലും ആ ചരമ ഫോട്ടോ ഉണ്ടാകില്ല. തോമേട്ടന്റെ കടയുടെ ചുവരിലുണ്ടാകും.
തൃശൂർ ബിഷപ്പ് ഹൗസിനടുത്ത് സൂര്യഗ്രാമത്തിൽ ഇരുപത് കൊല്ലമായി കട തുടങ്ങിയിട്ട്. അന്ന് മുതൽ പത്രങ്ങളിൽ വന്ന രണ്ടായിരത്തോളം ചരമ ഫോട്ടോകൾ ഒട്ടിച്ചു കാണുമെന്ന് തോമേട്ടൻ പറയുന്നു. ചുവരിൽ സ്ഥലം ഇല്ലാതെ വരുമ്പോൾ പഴയതെല്ലാം പറിച്ചുകളഞ്ഞ് പുതിയത് ഒട്ടിക്കും.
''ഇവിടെ വരുന്നോരുടെ കുടുംബക്കാര് മരിച്ചാ അതെന്റെ സ്വന്തം ആള് മരിച്ച പോലെയാണ്. ""
- കടയിൽ ചായ കുടിക്കുന്നവരെല്ലാം തോമേട്ടന്റെ സ്വന്തക്കാരാവും. അവരുടെ കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ ആ ഫോട്ടോ ചുവരിൽ ഒട്ടിക്കും.
കണിമംഗലം കല്ലേരി വീട്ടിലായിരുന്നു ബാല്യം. വീട്ടുവേല ചെയ്തായിരുന്നു ജീവിതം. ചായക്കടയാണ് കരയറ്റിയത്. നാട്ടുകാരുടെ ആവശ്യങ്ങൾക്ക് ഒപ്പം നിന്ന തോമസ് എല്ലാവർക്കും തോമേട്ടനായി, കുടുംബത്തിലൊരാളായി. സ്ഥിരം ചായകുടിക്കാർ തമാശയായി പറയും: '' മ്മ്‌ടെ ഫോട്ടോ വെയ്ക്കാനും ഒരു സ്ഥലം ഇടണേ...തോമേട്ടാ... ""
365 ദിവസവും ലൈവ്
ക്രിസ്‌മസായാലും ഈസ്റ്ററായാലും തോമേട്ടൻ കട തുറക്കും. ഹർത്താലുകാർ പോലും അടയ്ക്കാൻ പറയില്ല. അവർ ചായ കുടിച്ച് പോകും. എല്ലാ പാർട്ടിക്കാർക്കും വേണ്ടപ്പെട്ടവൻ. ചായക്കട വലുതാക്കി ബേക്കറിയും പലചരക്കും എല്ലാമുള്ള മിനി സൂപ്പർമാർക്കറ്റായി. എങ്കിലും ആളുകൾക്ക് തോമേട്ടന്റെ ചായക്കടയാണ്. ഇപ്പോൾ ടാക്‌സി സർവീസുമുണ്ട്.
ഭാര്യ ബ്രിജിലിയാണ് ശക്തി. പലഹാരങ്ങളും മറ്റും ഉണ്ടാക്കാൻ മുന്നിലുണ്ട്. മക്കളായ സൗമ്യയും സ്വപ്നയും സാനിയയും വിദ്യാർത്ഥികൾ.
''മനുഷ്യസ്‌നേഹമാണ് വലുത്. പട്ടിണി കിടന്ന് വളർന്നതുകൊണ്ട് എല്ലാവരുടെയും വിഷമം മനസിലാകും. ''
---തോമസ്