
വക്കം: വക്കം, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് തീരദേശ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ വിഷപാമ്പുകളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. മിക്ക പ്രദേശങ്ങളും കാട് പിടിച്ചു കിടക്കുന്നതിനാലാണ് പാമ്പുകൾ ഇവിടം വിട്ടുപോകാത്തതെന്നാണ് നാട്ടുകാർ പറയുന്നത്. പലപ്പോഴും അപ്രതീക്ഷിതമായി കൺമുന്നിലൂടെ പാമ്പുകൾ ഇഴഞ്ഞു പോകാറുണ്ടെന്നും നാട്ടുകാർ പറയുന്നു.
ഇക്കഴിഞ്ഞ 17ന് അഞ്ചുതെങ്ങ് പഴയനടയ്ക്ക് സമീപം കളിയിൽ വീട്ടിൽ ആരിഫാബീവി (60) പാമ്പ്കടിയേറ്റ് മരിച്ചിരുന്നു. ഇത്തരത്തിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യാറുണ്ട്. താലൂക്ക് ആശുപത്രികളിൽ ആന്റീവെനം സ്റ്റോക്ക് വേണമെന്നുണ്ടെങ്കിലും അവശ്യ ഘട്ടങ്ങളിൽ പലപ്പോഴും ഉണ്ടാകാറില്ലെന്നാണ് ആക്ഷേപം. മേഖലകളിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും മരുന്ന് വേണമെന്നാവശ്യം ശക്തമാകുന്നുണ്ട്. എന്നാൽ പ്രാഥമിക ശുശ്രൂഷയ്ക്കായി ഇവിടെ എത്തിച്ചാലും ഒന്നും നോക്കാതെ മെഡിക്കൽ കോളേജിലേയ്ക്ക് റഫർ ചെയ്യുകയാണ് പതിവ്.
അണലി മുതൽ മൂർഖൻ വരെ
മേഖലയിൽ നിന്ന് അണലി, മൂർഖൻ ഉൾപ്പെടെ അഞ്ചോളം വിഷ പാമ്പുകളെ അടുത്തിടെ പിടി കൂടിയിരുന്നു. മാസങ്ങൾക്ക് മുമ്പ് അഞ്ചുതെങ്ങ് നെടുങ്ങണ്ടയിൽ കോട്ടഴികത്ത് ലീനയുടെ വീടിന് പുറകുവശത്ത് ഏഴടിയോളം വരുന്ന മൂർഖൻ പാമ്പിനെ വലയിൽ കുടുങ്ങിയ നിലയിലും കണ്ടെത്തിയിരുന്നു.
വക്കം മുതൽ കടയ്ക്കാവൂർ റയിൽവേ സ്റ്റേഷൻ വരെ പാളത്തിനിരുവശവും പുല്ലും കാടും മൂടി കിടക്കുന്നതിനാൽ ഇവിടെയും വിഷ പാമ്പുകളുടെ ശല്യം രൂക്ഷമാണ്. കാടും, പുല്ലും വൃത്തിയാക്കുവാൻ നിരവധി തവണ റയിൽവേ അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയുമില്ല. എന്തായാലും പ്രാണഭയത്താലാണ് ഈ പ്രദേശത്തുകാർ.