car

ഗാന്ധിനഗർ: പന്ത്രണ്ട് വർഷമായി ഒപ്പമുണ്ടായിരുന്ന ഭാഗ്യവാഹനത്തിന് വികാരനിർഭര യാത്ര അയപ്പ് നടത്തി ഗുജറാത്തിലെ കർഷക കുടുംബം. വിൽക്കുന്നതിനുപകരം തങ്ങളുടെ വാഗൺ ആർ കാ‌റിന്റെ സംസ്കാര ചടങ്ങുകൾ ആചാരങ്ങളോടെ പൂർത്തിയാക്കി. അമ്രേലി ജില്ലയിലെ പദർഷിംഗ ഗ്രാമത്തിലെ സഞ്ജയ് പോളാരയും കുടുംബവുമാണ് കാറിന് വേറിട്ട വിടവാങ്ങൽ നൽകിയത്. ആചാരങ്ങളോടെ കാറ് കുഴിച്ചിടുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. പ്രദേശവാസികളും സന്യാസിമാരും ആത്മീയ നേതാക്കളും ഉൾപ്പെടെ 1 500ഓളം പേരാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്. പൂക്കളും മാലകളും കൊണ്ട് അലങ്കരിച്ച കാർ ഘോഷയാത്രയായി എത്തിച്ചു. പച്ച തുണി കൊണ്ട് കാർ മൂടിയിരുന്നു. പരമ്പരാഗത ആചാരപ്രകാരം അവരുടെ കുലദൈവത്തിന് പ്രാർത്ഥനകൾ നടത്തി. ശേഷം 15 അടിയുള്ള കുഴിയിൽ കാർ ഇറക്കി. കുടുംബാംഗങ്ങൾ പൂക്കളിട്ട് പ്രാർത്ഥിച്ചു. ഈ സമയം പുരോഹിതന്മാർ മന്ത്രങ്ങൾ ഉരുവിടുന്നത് വീഡിയോയിൽ കാണാം. നാല് ലക്ഷം രൂപ ചെലവഴിച്ചാണ് ചടങ്ങ് നടത്തിയത്. തങ്ങളുടെ ഭാഗ്യ കാറായിരുന്നു ഇതെന്ന് കുടുംബം പ്രതികരിച്ചു. സ്ഥലത്ത് മരത്തൈ നടുമെന്നും കുടുംബം പറയുന്നു.

' 12 വർഷം മുമ്പ് ഞാൻ ഈ കാർ വാങ്ങി, ഇത് കുടുംബത്തിൽ ഐശ്വര്യം കൊണ്ടുവന്നു. ബിസിനസ് വിജയിച്ചു. കുടുംബം വളർന്നു. അതിനാൽ, ഇത് വിൽക്കുന്നതിന് പകരം ഞാൻ അടക്കം ചെയ്തു, എന്റെ വരും തലമുറ എന്നും ഓർമ്മിക്കാനാണ് ഇത്തരത്തിലൊരു കാര്യം ചെയ്തത്'

-സഞ്ജയ് പൊളാര