kali

ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ് "മഹാകാളി". വേദങ്ങളിൽ പഞ്ചഭൂതങ്ങളിൽ പെട്ട അഗ്നിയോടാണ് കാളിയെ ഉപമിച്ചിരിക്കുന്നത്.പുരാണങ്ങൾ പ്രകാരം മധുകൈടഭൻമാർ, ചണ്ഡമുണ്ഡൻമാർ, രക്തബീജൻ, ദാരികൻ തുടങ്ങിയവരെ നിഗ്രഹിക്കുവാൻ പലപ്പോഴായി അവതരിച്ച ഉഗ്രരൂപിയാണ് കാളി. കാളികാപുരാണത്തിലും കാളി സാക്ഷാൽ ആദിപരാശക്തി ആണ്. ചണ്ഡമുണ്ഡന്മാരെ വധിക്കാൻ ചണ്ഡികാ പരമേശ്വരിയുടെ പുരികക്കൊടിയിൽ നിന്നും അവതരിച്ച കാളികയാണ് "ചാമുണ്ഡി".

കാളി എന്നാൽ കാളുന്നവൾ, കറുത്തവൾ, രാത്രി എന്നൊക്കെയാണ് അർത്ഥം. അജ്ഞാനത്തിന്റെ അന്ധകാരം ഇല്ലാതാക്കി ജ്ഞാനത്തിന്റെ പ്രകാശം പരത്തുന്നവൾ എന്ന് താന്ത്രികർ വിശ്വസിക്കുന്നു. കാലത്തിന്റെ (സമയതിന്റെ) ഭഗവതിയാണ് കാളി എന്ന് സങ്കൽപ്പിക്കപ്പെടുന്നു. സംഹാരത്തിന്റെ ദേവതയാണ് ഭദ്രകാളി. "ഭദ്രമായ കാലത്തെ നല്കുന്നവൾ എന്നതാണ് ഭദ്രകാളി എന്ന വാക്കിന്റെ അർത്ഥം. ദേവീമാഹാത്മ്യത്തിൽ ദുർഗ്ഗയുടെ രൗദ്രഭാവമായി ഭദ്രകാളിയെ ചിത്രീകരിച്ചിരിക്കുന്നു. ദേവീപുരാണങ്ങൾ പ്രകാരം രക്തബീജനെ വധിക്കാൻ പാർവ്വതി എടുത്ത തമോഗുണഭാവം ആണ് മഹാകാളി (കാളരാത്രി). നരസിംഹമൂർത്തിയുടെ കോപമടക്കാൻ കാലഭൈരവന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നും നാരസിംഹിയായി കാളി അവതരിച്ചു. ഇതാണ് അഥർവാണ ഭദ്രകാളി അഥവാ പ്രത്യംഗിരിദേവി. ദശമഹാവിദ്യമാരിലെ താര, ചിന്നമസ്ത തുടങ്ങിയവ കാളിയുടെ പല രൂപങ്ങൾ ആണ്. മൂന്നുകൽപ്പങ്ങളിലായി മൂന്ന് മഹിഷാസുരന്മാരുണ്ടായെന്നും അതിൽ ഒന്നാമത്തെ കൽപ്പത്തിൽ ഉഗ്രചണ്ഡ എന്ന കാളിയും രണ്ടാമത്തെ കൽപ്പത്തിൽ ഭദ്രകാളിയും മൂന്നാമത്തെ കൽപ്പത്തിൽ മഹിഷാസുര മർദ്ദിനിയായ ദുർഗ്ഗാ ഭഗവതിയായും അവതരിച്ചാണ് ഈ അസുരന്മാരെ വധിച്ചതെന്നും ഒരു വിശ്വാസമുണ്ട്.

ഇതിൽ രണ്ടാമത്തെ കൽപ്പത്തിൽ അവതരിച്ച ഭദ്രകാളിയെ വടക്കൻ കേരളത്തിൽ മാന്ത്രിക സാധനകൾക്കായി ആരാധിക്കാറുണ്ട്. സഹസ്രമുഖ രാവണൻ (ലങ്കാധിപതി രാവണൻ അല്ല ) എന്ന അസുരനെ വധിക്കുവാൻ സീതാദേവി ഭദ്രകാളി രൂപം സ്വീകരിച്ചുവെന്നും, സീതാദേവിയുടെ ആ നിഗ്രഹത്തെ പ്രശംസിച്ചുകൊണ്ട് ഹനുമാൻ രചിച്ച ഭദ്രകാളി സ്തുതിയും പ്രചാരത്തിലുണ്ട്. തമിഴ് ഇതിഹാസകാവ്യമായ ചിലപ്പതികാരത്തിലെ വീരനായിക കണ്ണകിയും കാളി അവതാരം സ്വീകരിച്ചതായി കണക്കാക്കുന്നു.

സപ്തമാതാക്കളിൽ ചാമുണ്ഡ, നവദുർഗ്ഗമാരിൽ കാളരാത്രി, തമിഴ്നാട്ടിൽ മാരിയമ്മൻ, ശ്രീകുരുംബ, ഭൈരവി, പരാശക്തി, ബാലഭദ്ര, സുമുഖീകാളി, ദക്ഷിണകാളി, കരിംകാളി, പ്രത്യംഗിരി, മഹാകാളി, കുണ്ഡലിനീശക്തി, ഇച്ഛാശക്തി, പ്രകൃതി, ചണ്ഡിക, കൊറ്റവൈ തുടങ്ങിയവ ഭദ്രകാളിയുടെ വിവിധ ഭാവങ്ങളോ പേരുകളോ ആണ്. ഇന്ന് മേർഘഡ് സംസ്കാരം എന്നു വിളിക്കുന്ന പുരാതനമായ നാഗരികതയുടെ കാലത്ത് അമ്മദൈവങ്ങളെയാണ് ആരാധിച്ചിരുന്നത്. മേർഘഡിന്റെ ഭാഗമായ കുള്ളി എന്ന സ്ഥലത്ത് 6000 വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന കാർഷികഗ്രാമങ്ങളിൽ നിന്നാണ് ഇന്ത്യയിൽ ആദ്യമായി സ്ത്രീ ദൈവങ്ങളെ ആരാധിച്ചിരുന്നതായി തെളിവുകൾ ലഭിക്കുന്നത്.

സംഘകാലത്ത് മറവരുടെ ദൈവമായിരുന്നു കൊറ്റവൈ (പാർവതി). ചേരരാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടുന്നതിനു മുൻപ് കൊറ്റവൈക്ക് ബലി അർപ്പിക്കുകയും കള്ള് നിവേദിക്കുകയും ചെയ്തിരുന്നു. നാം ആരാധിക്കുന്ന കാളിയാണ് കൊറ്റവൈ എന്ന് പറയപ്പെടുന്നു. ദുർഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്‌, ഒരു കയ്യിൽ ശരീരം വേർപെട്ട തല, വാർന്നൊലിക്കുന്ന രക്തം. അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയിട്ടിരിക്കുന്നു. ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന തത്ത്വം. കാളിയുടെ പുറത്തേക്ക് നീണ്ടു കിടക്കുന്ന നാവ് മൗനത്തെ സൂചിപ്പിക്കുന്നു. (നാവ് പുറത്തേക്ക് നീട്ടിയാൽ സംസാരിക്കാൻ കഴിയില്ല.) കണ്ണിലെ കൃഷ്ണമണിയുടെ കറുപ്പാണ് കാളിയ്ക്ക്. ഈ കറുത്തമണി ഇല്ലായിരുന്നെങ്കില് കാഴ്ചയില്ല, ജ്ഞാനമില്ല. കാളി ജ്ഞാനത്തിന്റെ പ്രതീകമാണ്, പ്രകാശം നൽകുന്നവളാണ്. ജ്ഞാനത്തിന്റെ പ്രകാശം മൗനത്തിലാണ്. ജീവിതത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണമായ അഹങ്കാരത്തിന്റെ ഉറവിടമാണ് തല

നിങ്ങൾക്ക് ഒരാളോട് വെറുപ്പു തോന്നുന്നുവെങ്കിൽ, അത് ആ വ്യക്തിയുടെ ശരീരത്തോടല്ല; ദുഷ്ചിന്തകളുള്ള ശിരസ്സിനോടായിരിക്കും. ഒരുവന് പഞ്ചേന്ദ്രിയങ്ങളിലൂടെ കിട്ടുന്ന അറിവ് പരിമിതമാണ്. ലോകം പരിമിതമായ അറിവിൽ കുടുങ്ങിക്കിടക്കുന്നു. ശാസ്ത്രവും ഈ പരിമിതമായ അറിവാണ് നൽകുന്നത്. പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുള്ള അറിവ് - ആന്തരികമായ ജ്ഞാനം - പഞ്ചേന്ദ്രിയങ്ങളിലൂടെ നേടാൻ സാധ്യമല്ല. ‘തല മുറിക്കപ്പടുക’ എന്നതിന്റെ അർത്ഥം അഹങ്കാരത്തെ ഇല്ലാതാക്കി ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുക, ധ്യാനാവസ്ഥയിൽ എത്തിച്ചേരുക എന്നാണ്. ആ ജ്ഞാനത്തിലൂടെയാണ് ലോകത്തെ അറിയേണ്ടത്.

ദേവിയുടെ ഒരു കയ്യിൽ ‘അഭയ' മുദ്രയും, മറുകയ്യിൽ ‘വരദ’ മുദ്രയുമാണ്. ജീവജാലങ്ങൾക്ക് ഭയത്തെ അകറ്റി ക്ഷേമകരമായിട്ടുള്ളതിനെ ചോദിക്കാതെതന്നെ കൊടുക്കുവാൻ തക്കവണ്ണം സർവ്വജ്ഞയാണ് ദേവി.മുറിച്ച കൈകൾ അരക്കെട്ടിൽ ചുറ്റിയിരിക്കുന്നു. കയ്യ് കർമ്മത്തിന്റെ പ്രതീകമാണ് കർമ്മം ചെയ്യുമ്പോൾ ഫലം അനുഭവിക്കുന്നു. ഈ ഫലം കൂലിയാണ്.ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന കൃപ സമ്മാനമാണ്. ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്. ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടിൽ ചുറ്റിയിരിക്കുന്ന കയ്യ്.

രുദ്രൻ തന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നു പറയുമ്പോൾ പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെതന്നെ മകളായും വ്യാഖ്യാനിക്കുന്നു.ശക്തിസ്വരുപിണിയായ ഈ ദേവിയെ പലരൂപത്തിലും ആരാധിക്കുന്നുണ്ട്.* *താന്ത്രികർ മുപ്പതിലധികം ഭാവങ്ങളിൽ ഓരോ ആഗ്രഹങ്ങൾക്കനുസരിച്ച് വിവിധ രൂപത്തിൽ ആരാധിക്കുന്നു.

ദക്ഷന്റെ യാഗത്തിൽ സതി സ്വയം മരണം വരിച്ചപ്പോൾ കോപിഷ്ടനായ പരമശിവന്റെ താണ്ഡവത്തിനിടയിൽ അദ്ദേഹം തന്റെ ജട പിഴുതു തറയിൽ അടിയ്ക്കുകയും അതിൽ നിന്നും ഭദ്രകാളി പിറക്കുകയും ചെയ്തു. ഭദ്രോൽപ്പത്തി പ്രകരണത്തിൽ, ശിവപാർവതി പുത്രി എന്നൊരു ഭദ്രകാളി സങ്കല്പം ഉണ്ട്. ഈ കാളി ശിവന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നും അവതരിച്ചവൾ ആണ്. ദാരികനെ വധിക്കാൻ വേണ്ടിയാണ് അവതാരം. വേതാളാരൂഢയാണ് ഭഗവതി. ഇതാണ് കേരളത്തിൽ ആരാധിക്കപ്പെടുന്ന കാളി.