
നീലേശ്വരം: തെരു അഞ്ഞൂറ്റമ്പലം വീരർകാവിലെ വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂരിലെ രജിത്ത് (28) ആണ് മരിച്ചത്. കിണാവൂരിലെ മുണ്ടോട്ട് കുഞ്ഞിരാമൻ -ഉഷ ദമ്പതികളുടെ മകനാണ്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.
കാസർകോട് കെ.എസ്.ഇ.ബി കരാർ ഡ്രൈവറാണ്. അപകടത്തിൽ രജിത്തിന്റെ സുഹൃത്തുക്കളായ കരിന്തളം മഞ്ഞളംകാട്ടെ ബിജു ഞായറാഴ്ച്ച രാത്രി പത്തുമണിയോടെയും കിണാവൂരിലെ രതീഷ്,ഞായറാഴ്ച്ച രാവിലേയും കിണാവൂരിലെ സന്ദീപ് ശനിയാഴ്ച വൈകീട്ടും മരണപ്പെട്ടിരുന്നു. ഇവർ ഒരുമിച്ചാണ് വീരർകാവിലേക്ക് പോയത്. ഇവർക്ക് പുറമെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തുരുത്തി ഓർക്കളത്തെ ഷിബിൻ രാജും (19) മരിച്ചിരുന്നു.
ഗോപികയാണ് രജിത്തിന്റെ ഭാര്യ. ഒരു വയസുള്ള കുഞ്ഞുണ്ട്. സഹോദരൻ: സജിൻ.