malwares

ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടുകളെ ലക്ഷ്യമിട്ട് പുതിയ മാൽവെയറുകൾ സജീവമാകുന്നതായി റിപ്പോർട്ട്. ടോക്‌‌സിക് പാണ്ട എന്ന് പേരുള്ള ഈ മാൽവെയറുകൾ മൊബൈൽ ആപ്പുകൾ സൈഡ് ലോഡിംഗ് ചെയ്യുന്നതിലൂടെയും ഗൂഗിൾ ക്രോം പോലുള്ള ആപ്പുകളുടെ വ്യാജ പതിപ്പുകളിലൂടെയുമാണ് ഫോണിലെത്തുന്നത്. ക്ളീഫ്‌ലി ഇന്റലിജൻസ് എന്ന സൈബർ സുരക്ഷാ സ്ഥാപനമാണ് ടോക്‌സിക് പാണ്ട മാൽവെയർ കണ്ടെത്തിയത്.

അക്കൗണ്ട് ടോക്ക് ഓവർ, ഓൺ ഡിവൈസ് ഫ്രോഡ് എന്നിവയിലൂടെ ആൻഡ്രോയിഡ് ഫോണുകളിൽ നിന്ന് പണം കൈമാറ്റം ചെയ്യുകയാണ് ഇത്തരം മാൽവെയറുകളുടെ പ്രധാന ലക്ഷ്യം. ടിജിടോക്‌സിക് എന്ന ബാങ്കിംഗ് ട്രോജനുമായി ബന്ധപ്പെട്ടാണ് ടോക്‌സിക് പാണ്ട പ്രവർത്തിച്ചിരുന്നത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ പുതിയ മാൽവെയറിന്റെ കോഡിൽ കാര്യമായ മാറ്റങ്ങളുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ഐഡന്റിറ്റി വെരിഫിക്കേഷനും ഓതന്റിക്കേഷനും ഒപ്പം അസാധാരണ പണക്കൈമാറ്റങ്ങൾ തിരിച്ചറിയുന്നതിനുള്ള ബിഹേവിയറൽ ഡിറ്റക്ഷൻ ടെക്‌നിക്കുകളും അടങ്ങുന്ന ബാങ്കിന്റെ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാൻ ടോക്‌സിക് പാണ്ടയ്ക്കാവും. എന്നാൽ ആരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് വ്യക്തമല്ല. ആൻഡ്രോയിഡ് ഫോണുകളിലെ ആക്‌സസിബിലിറ്റി സേവനത്തെയാണ് ടോക്‌സിക് പാണ്ട ഉപയോഗിക്കുന്നത്. അതിനാൽതന്നെ മറ്റൊരിടത്തിരുന്ന് ഫോണിനെ നിയന്ത്രിക്കാൻ ഈ മാൽവെയറിലൂടെ സാധിക്കും. ഇത്തരം മാൽവെയറുകൾ കടത്തിവിടുന്നതിലൂടെ അക്കൗണ്ടിൽ നിന്ന് പണം പോകുമ്പോൾ ഒടിപി സന്ദേശം വരാതിരിക്കുന്നതും തട്ടിപ്പുകാർക്ക് സഹായകരമാവും.