
"ഈ പിള്ളേര് പൊളിയാണ്". മുറ സിനിമ കണ്ടു കഴിയുമ്പോൾ പ്രേക്ഷകർ പറയുന്നത് സിനിമയിലെ ഈ ഡയലോഗ് തന്നെയാണ്. മികച്ച നവാഗത സംവിധായകനുള്ള ദേശീയ അംഗീകാരം നേടി കൊടുത്ത കപ്പേളയ്ക്കുശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറ
തിരുവനനന്തപുരം നഗരത്തിലെ ഒരു ഗുണ്ടാസംഘവും അതിനെ ആരാധനയോടെ കണ്ട് ആ സംഘത്തിൽ ചേരുന്ന നാലു യുവാക്കളുടെയും കഥയാണ് പ്രമേയം. വയലൻസ് മാത്രമല്ല ഏറെ വൈകാരിക മുഹൂർത്തങ്ങളും ചേർന്ന സിനിമ.
പ്രധാന ഗുണ്ടാസംഘത്തിന്റെ നേതാവ് അനി . ഗ്യാങ്‌സ്റ്റാറായ രമയുടെ സഹായി . അനന്തു, സജി, മനു, മനാഫ് എന്നീ ചെറുപ്പക്കാർ ഈ ഗുണ്ടാസംഘത്തിൽ ചേരുന്നതോടെയാണ് കഥയുടെ ആരംഭം. ഒരു ക്വട്ടേഷൻ ഏറ്റെടുക്കുന്നതോടെ അവരുടെ ജീവിതം മാറിമറിയുന്നതാണ് തുടർ കാഴ്ച. ആദ്യവസാനം വരെ വളരെ ത്രില്ലിംഗായി കൊണ്ടു പോകാൻ മുസ്തഫയ്ക്ക് സാധിച്ചു.
സുരാജ് വെഞ്ഞാറമൂട്, മാല പാർവതി എന്നിവർ ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മികച്ച പ്രകടനം നടത്തുന്നു. വില്ലത്തരം തനിക്ക് അനായാസമായി വഴങ്ങുമെന്ന് സുരാജ് തെളിയിക്കുന്നു. തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന കഥാപാത്രമായി ഇടവേളയ്ക്കഉശേഷം എത്തി എറെ ശ്രദ്ധ പിടിച്ചു പറ്റി.
ക്യാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങിയ ആൾ വീ ഇമാജിൻ ആസ് ലൈറ്റിലും തഗ്സ്, മുംബൈക്കാർ തുടങ്ങിയ ഹിന്ദി - തമിഴ് ചിത്രങ്ങളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹ്രിദ്ധു ഹാറൂൺ ഗംഭീര പ്രകടനം ആണ് കാഴ്ചവച്ചത്.
അനുജിത് കണ്ണൻ, യദുകൃഷ്ണൻ, ജോബിൻ ദാസ് എന്നിവരുടെ കഥാപാത്രങ്ങൾ പ്രേക്ഷകരോട് ചേർന്നുനിൽക്കുന്നു. പുതിയ കാലത്ത് തിരുവനന്തപുരം നഗരത്തിലെ ചെറുപ്പക്കാരുടെ ജീവിതം വഴിമാറുന്ന കാഴ‌്ചകളാണ് ചിത്രം അടയാളപ്പെടുത്തുന്നത്. കണ്ണൻ നായർ, കനി കുസൃതി, പി.എൽ. തേനപ്പൻ തുടങ്ങിയവരും കഥാപാത്രങ്ങളെ മികച്ചതാക്കി. സുരേഷ്‌ബാബുവിന്റെ രചന മികവു പുലർത്തി. ഫാസിൽ നാസർഛായാഗ്രഹണവും ക്രിസ്റ്റി ജോബിയുടെ സംഗീതവും പശ്ചാത്തല സംഗീതവും മറ്റൊരു തലത്തിലേക്ക് ഉയർത്തി. സൗഹൃദവും പ്രണയവും ചതിയും പ്രതികാരവും നിറഞ്ഞ മുറ പ്രേക്ഷകർക്ക് നല്ല കാഴ്ചാനുഭവം സമ്മാനിക്കുന്നു.പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ ശ്രീധർപിള്ളൈ, രമേശ് ബാല തുടങ്ങിയവരും പ്രകീർത്തിച്ച് സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.
.