a

തിരുവനന്തപുരം: 1970കളിൽ സിനിമാതാരങ്ങളുടെ വീടെന്നനിലയിൽ പ്രസിദ്ധമായിരുന്ന തൈക്കാട് അമൃത ഹോട്ടൽ പുനരുദ്ധാരണത്തിന് ശേഷം വീണ്ടും തുറക്കുന്നു. ഇന്ന് രാവിലെ 10.30ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അമൃത ഹെറിറ്റേജിന്റെ ഉദ്ഘാടനം നിർവഹിക്കും. ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ നിലനിറുത്തുന്നതിനൊപ്പം സമകാലിക ആവശ്യങ്ങൾ പരിഗണിച്ച് ഹോട്ടൽ മാനേജ്‌മെന്റ് നിരവധി ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അടുത്തിടെ ഇന്ത്യ സന്ദർശിച്ച പ്രസിദ്ധനായ തായ് ഫുഡ് കൺസൾട്ടന്റ് പിനാഗ്ജായുടെ പരിശീലനം നേടിയ ജീവനക്കാരാണ് ഓറിയന്റൽ ഫുഡ് തയ്യാറാക്കുന്നത്. തലസ്ഥാനത്ത് ആദ്യമായി പുൽത്തകിടിയിലിരുന്ന് ആഹാരം കഴിക്കാനുള്ള സൗകര്യവും അമൃത ഹെറിറ്റേജ് ഒരുക്കിയിട്ടുണ്ട്. പഴയകാലത്തെ രുചിയുമായി കോഹിനൂർ റസ്റ്റോറന്റ് ഇതിനൊപ്പമുണ്ടാകും. പഴയ പ്രതാപത്തിനൊപ്പം ആധുനിക സൗകര്യങ്ങളും പാരമ്പര്യ ഫർണിച്ചറുകളുമായി അമൃതയിലെ അഞ്ചുമുറികൾ സുഖവാസത്തിനായി പുതുക്കി. സെൻട്രൽ ഹാളിന് സമീപത്ത് മുറികളും പ്രത്യേക വരാന്തകളുമുള്ള കിടപ്പുമുറികളുമുണ്ട്. ഡൈനിംഗ് ഏരിയയും വിശാലമാണ്. സന്ദർശകർക്ക് ഗുണകരമായ സേവനവും സൗകര്യവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ കൃഷ്ണപ്രസാദ് അറിയിച്ചു.


പൈതൃക ബംഗ്ലാവ്

തിരുവിതാംകൂറിന്റെയും പോർച്ചുഗീസിന്റെയും പൈതൃകം പേറുന്നതാണീ ബംഗ്ലാവ്. പോർച്ചുഗീസ് സൗന്ദര്യശാസ്ത്രം കേരളീയ സൗന്ദര്യമായി പരിണമിച്ച തലസ്ഥാനത്തെ 120 വർഷം പാരമ്പര്യമുള്ള പൈതൃകമന്ദിരമാണിത്.1950കളിലെ ഒരു നിലയുള്ള കെട്ടിടം പാശ്ചാത്യ പൗരസ്ത്യ മാതൃകകളുടെ അപൂർവത കൊണ്ട് ഹോട്ടൽ അമൃതയുടെ ഭാഗമാവുകയായിരുന്നു. പോർച്ചുഗീസ് പൗരത്വമുള്ള യൂനിസ് ഗോമസിന്റെയും ഭർത്താവ് ടി. ശിവരാമസേതു പിള്ളയുടെയും വസതിയായിരുന്നു ഇത്.