ഒട്ടാവ:ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമായതിനിടെ, കാനഡ വിദേശ വിദ്യാർത്ഥികൾക്കായുള്ള ജനപ്രിയ വിസാ പദ്ധതിയായ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്) നിറുത്തലാക്കി. ഇതോടെ കാനഡയിലേക്ക് പോകുന്ന ഇന്ത്യയിലെ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ വിസാ നടപടിക്രമങ്ങൾ വൈകും

കുടിയേറ്റം കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഇന്ത്യ, ബ്രസീൽ, ചൈന, പാകിസ്ഥാൻ, കോസ്റ്റാറിക്ക, മൊറോക്കോ, പെറു, ഫിലിപ്പീൻസ്, വിയറ്റ്നാം തുടങ്ങി 14 രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠന അനുമതി വേഗത്തിലാക്കാൻ 2018ലാണ് പദ്ധതി തുടങ്ങിയത്. ഗുണഭോക്താക്കളിൽ കൂടുതലും ഇന്ത്യൻ വിദ്യാർത്ഥികളാണ്.

നവംബർ 8 വരെ ലഭിച്ച അപേക്ഷകൾ പരിഗണിക്കുമെന്നും മറ്റുള്ളവ റെഗുലർ സ്റ്റഡി പെർമിറ്റ് സ്ട്രീമിലേ പരിഗണിക്കൂ എന്നും അധികൃതർ വ്യക്തമാക്കി.

# കുടിയേറ്റം കുറയ്ക്കാൻ

1. കുടിയേറ്റം നിയന്ത്രിക്കാൻ വിദേശ വിദ്യാർത്ഥികളുടെ എണ്ണം കാനഡ വെട്ടിച്ചുരുക്കും

2. ഈ വർഷം നൽകുന്ന സ്റ്റഡി പെർമി​റ്റ് 35% കുറയ്‌ക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചിരുന്നു

3. അടുത്ത വർഷം 10 ശതമാനം കൂടി കുറക്കും

4. വിദേശികളുടെ വർക്ക് പെർമിറ്റ്,​ ടൂറിസ്റ്റ് വിസാ മാനദണ്ഡങ്ങളും കടുപ്പിച്ചു

5.10 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ നിറുത്തി