
കൊച്ചി : ഞങ്ങൾ ഒന്നാണ്...... ഇത്തവണ സ്വർണം കൊണ്ടേ പോകൂ.... സംസ്ഥാന സ്കൂൾ കായിക മേളയിൽ അണ്ടർ 19 പെൺകുട്ടികളുടെ കബഡിയിൽ സെമിയുറപ്പിച്ച മലപ്പുറം ടീമിലെ ഇരട്ട സഹോദരിമാരായ ഫർസാനയും ഫർഹാനയും വലിയ ആത്‌മവിശ്വാസത്തിലാണ്. കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ നടന്ന ക്വാർട്ടർ ഫൈനലിൽ എറണാകുളത്തിനെ 27-16ന് പരാജയപ്പെടുത്തിയാണ് മലപ്പുറം ഇന്ന് നടക്കുന്ന സെമിയിലേക്ക് യോഗ്യത നേടിയത്.
ഇതുവരെ സ്വർണം നേടാൻ കഴിയാത്തതിന്റെ സങ്കടം ഇത്തവണ തീർക്കാനുറച്ചാണ് മലപ്പുറം ടീം കൊച്ചിയിലെത്തിയിരിക്കുന്നത്.
കാണാൻ ഒരുപോലെയിരിക്കുന്ന സഹോദരികൾ ശക്തമായ പ്രതിരോധമാണ് ടീമിന് വേണ്ടി പുറത്തെടുത്തത്. എതിരാളികളെ വലിഞ്ഞു മുറുക്കി പ്രതിരോധിക്കുന്ന ഇരുവരുടെയും പ്രകടനം കാണികൾക്ക് വിരുന്നായി. മലപ്പുറം എം.ഐ.ഗേൾസ് എച്ച്.എസ്.എസ് വിദ്യാർത്ഥികളാണ്. പരിശീലകൻ മുഹമ്മദ് ഷബീറിന്റെ നേതൃത്വത്തിൽ സ്കൂളിലാണ് പരിശീലനം നടത്തുന്നത്. കബഡി പരിശീലനം തുടങ്ങിയിട്ട് മൂന്ന് വർഷമായി. സിദ്ദിഖ്.ആർ.വി, ഷാഹിദ.എ. വി എന്നിവരാണ് മാതാപിതാക്കൾ. കബഡി കൂടാതെ വെയ്റ്റ് ലിഫ്ടിംഗിലും സഹോദരികൾ മാറ്റുരയ്ക്കാറുണ്ട്.