
കൊച്ചി: തുടർച്ചയായ നാലാം വാരവും ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ ഇടിവുണ്ടായി. നവംബർ ഒന്നിന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം 260 കോടി ഡോളർ കുറഞ്ഞ് 68,213 കോടി ഡോളറിലെത്തി. മുൻവാരം വിദേശ ശേഖരത്തിൽ 340 കോടി ഡോളറിന്റെ കുറവുണ്ടായിരുന്നു. ഡോളർ, യെൻ, യൂറോ എന്നിവയുടെ അളവിലാണ് വലിയ കുറവുണ്ടായത്. അതേസമയം സ്വർണ ശേഖരം 120 കോടി ഡോളർ വർദ്ധനയോടെ 6,975 കോടി ഡോളറായി. നിലവിൽ വിദേശ നാണയ ശേഖരത്തിൽ ലോകത്തിൽ നാലാം സ്ഥാനമാണ് ഇന്ത്യയ്‌ക്കുള്ളത്. ചൈന, ജപ്പാൻ, സ്വിറ്റ്സർലൻഡ് എന്നിവയ്ക്കാണ് ഇന്ത്യയേക്കാൾ കൂടുതൽ വിദേശ നാണയ ശേഖരമുള്ളത്.