
കല്പറ്റ : മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കുള്ള കിറ്റ് വിതരണം നിറുത്തിവയ്ക്കാൻ മേപ്പാടി പഞ്ചായത്ത് അധികൃതർക്ക് ജില്ലാകളക്ടർ നിർദ്ദേശം നൽകി. പുഴുവരിച്ചതും പഴകിയതുമായ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് കളക്ടറുടെ നടപടി. സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങൾ പരിശോധിക്കാനും ഫുഡ് സേഫ്ടി വകുപ്പിനോട് കളക്ടർ നിർദ്ദേശിച്ചു. ഗുണമേന്മ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രമേ ഭക്ഷ്യകിറ്റ് ഇനി വിതരണം നടത്താൻ പാടുള്ളൂ എന്നാണ് നിർദ്ദേശം.
അതേസമയം ദുരന്തബാധിതർക്ക് നൽകിയ ഭക്ഷ്യകിറ്റിൽ നിന്ന് ലഭിച്ച സോയാബിൻ കഴിച്ച മൂന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതി ഉയർന്നിരുന്നു. ഇതിൽ വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ട ഒരു കുട്ടിയെ വൈത്തിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് റിപ്പോർട്ട്. കിറ്റിൽ നിന്ന് ലഭിച്ച സോയാബീൻ കഴിച്ചിരുന്നുവെന്നും ഇതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നുമാണ് കുട്ടികളുടെ ബന്ധുക്കളുടെ പരാതി. ബുധനാഴ്ച കിറ്റ് വാങ്ങി വ്യാഴാഴ്ചയാണ് ഭക്ഷണം ഉണ്ടാക്കിയതെന്നും അന്ന് വൈകിട്ട് മുതലാണ് പ്രശ്നമുണ്ടായതെന്നും പരാതിയിൽ പറയുന്നു.