
റാഞ്ചി: മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാവിരുദ്ധമാണെന്നും രാജ്യത്ത് ബി.ജെ.പി ഉള്ളിടത്തോളം ന്യൂനപക്ഷങ്ങൾക്ക് സംവരണം ലഭിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാർഖണ്ഡിലെ പലാമുവിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ മുസ്ലിം സംവരണം ഉന്നയിച്ച് അദ്ദേഹം കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ചു.
മുസ്ലിങ്ങൾക്ക് പത്ത് ശതമാനം സംവരണം നൽകുമെന്ന വാഗ്ദാനം കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും ഗൂഢാലോചനയാണ്. മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടനയിൽ വ്യവസ്ഥയില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലും മതവിഭാഗത്തിന് സംവരണം നൽകാനാവില്ല. മുസ്ലിങ്ങൾക്ക് പത്ത് ശതമാനം സംവരണം നൽകിയാൽ പിന്നാക്ക വിഭാഗങ്ങളുടെയും ദളിതുകളുടെയും ഗോത്രവർഗങ്ങളുടെയും സംവരണമാണ് കുറയുക.
അവരുടെ സംവരണം കുറച്ച് മുസ്ലിങ്ങൾക്ക് സംവരണം നൽകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. കോൺഗ്രസ് പിന്നാക്ക വിരുദ്ധ പാർട്ടിയാണ്. കോൺഗ്രസ് സർക്കാരുകൾ ഒ.ബി.സി വിഭാഗത്തിന് ആനുകൂല്യങ്ങൾ നിഷേധിച്ചു. പ്രത്യേകിച്ചും കാക്കാ കലേൽക്കർ കമ്മിറ്റിയുടെയും മണ്ഡൽ കമ്മിഷന്റെയും ശുപാർശകളുടെ കാര്യത്തിൽ. കലേൽക്കർ കമ്മിറ്റി റിപ്പോർട്ട് കാണാതായി. ഒ. ബി.സിക്ക് കേന്ദ്ര സ്ഥാപനങ്ങളിൽ 27% സംവരണം ശുപാർശ ചെയ്ത മണ്ഡൽ റിപ്പോർട്ട് നടപ്പാക്കുന്നതിനെ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും എതിർത്തു. പ്രധാനമന്ത്രി മോദിയാണ് അത് പൂർണമായും നടപ്പാക്കിയത്.
മോദി പിന്നാക്ക സമുദായ കമ്മിഷൻ രൂപീകരിച്ചു. അതിന് ഭരണഘടനാ പദവിയും നൽകിയെന്ന് അമിത്ഷാ പറഞ്ഞു. മഹാരാഷ്ട്രയിലെ ഉലെമ സംഘടന മുസ്ലിങ്ങൾക്ക് 10% സംവരണം ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷന് നിവേദനം നൽകി.
ഇതിൽ സഹായിക്കാമെന്ന് അദ്ധ്യക്ഷൻ വാഗ്ദാനം ചെയ്‌തു. രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകുകയാണ്. എന്ത് ഗൂഢാലോചന ഉണ്ടെങ്കിലും, ബി.ജെ.പി ഉള്ളിടത്തോളം കാലം ന്യൂനപക്ഷങ്ങൾക്ക് സംവരണം ലഭിക്കില്ല. രാഹുൽ ഗാന്ധി ഭരണഘടനയുടെ വ്യാജ പതിപ്പുമായി നടന്ന് ജനങ്ങളെ കബളിപ്പിക്കുകയാണ്. ഭരണഘടനാ ശിൽപ്പിയായ അംബേദ്കറെ നിന്ദിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ അഴിമതി സർക്കാരാണ് ജാർഖണ്ഡിലെന്നും അമിത്ഷാ പറഞ്ഞു.
അതിനിടെ, ജാർഖണ്ഡിൽ അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന രാഹുൽ ഗാന്ധിയുടെ വാഗ്ദാനത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചോദ്യംചെയ്‌തു. എന്ത് അടിസ്ഥാനത്തിൽ ജാതി സെൻസസ് നടത്തുമെന്ന് ജനങ്ങളോട് പറയൂ, ജനങ്ങൾക്ക് എത്ര സംവരണം ലഭിക്കും, അതിന്റെ രൂപരേഖ അവതരിപ്പിക്കുക. അപ്പോൾ രാജ്യത്തിന് അതിനെക്കുറിച്ച് ചർച്ച നടത്താം. ജനങ്ങളെ വിഡ്ഢികളാക്കരുതെന്നും ജാർഖണ്ഡിലെ ഛത്രയിൽ തിരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം പറഞ്ഞു.
ഭരണഘടനയെ തകർക്കാൻ ശ്രമം
അതിനിടെ ഭരണഘടനയെ തകർക്കാനാണ് ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.