ff

കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ചാവേർ സ്ഫോടനത്തിൽ 27 പേർ കൊല്ലപ്പെട്ടു. 60 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 16 പേർ സൈനികരാണ്.

ഇന്നലെ ക്വെറ്റയിലെ റെയിൽവേ സ്റ്റേഷന്റെ ഉള്ളിലായിരുന്നു സംഭവം. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. തീവ്രവാദ ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ)​ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പരിക്കേറ്റവരിൽ 46 സൈനികരുമുണ്ട്. പലരുടെയും നില ഗുരുതരമാണ്. ആശുപത്രികളിൽ രക്തത്തിന് ക്ഷാമമുള്ളതിനാൽ ജനങ്ങൾ രക്തധാനത്തിന് തയ്യാറാകണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. അതിനിടെ സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന സ്ഥലങ്ങളെല്ലാം കനത്ത സുരക്ഷയിലാണ്.

 ലക്ഷ്യം സുരക്ഷാ ഉദ്യോഗസ്ഥർ

ബലൂചിസ്ഥാനെ പാകിസ്ഥാനിൽ നിന്ന് മോചിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ബി.എൽ.എ ഭീകരാക്രമണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. ആഗസ്റ്റിൽ ബലൂചിസ്ഥാനിലെ ഹൈവേകളിലും പൊലീസ് സ്റ്റേഷനുകളിലും ബി.എൽ.എ നടത്തിയ ആക്രമണങ്ങളിൽ 73 പേർ കൊല്ലപ്പെട്ടിരുന്നു. പ്രവിശ്യയ്ക്ക് പുറത്തുള്ളവരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ഇവരുടെ പ്രധാന ലക്ഷ്യം.

# ഉഗ്ര സ്ഫോടനം

1. സംഭവം രാവിലെ 8:25ന് പെഷവാറിലേക്കുള്ള ജാഫർ എക്‌സ്‌പ്രസ് ട്രെയിൻ പുറപ്പെടാൻ തയ്യാറെടുക്കവെ

2. 10 കിലോ സ്ഫോടക വസ്തുക്കൾ നിറച്ച ലഗേജുമായി ഭീകരൻ സ്റ്റേഷനുള്ളിൽ

3. തിരക്കേറിയ പ്ലാറ്റ്ഫോമിൽ ബുക്കിംഗ് ഓഫീസിന് സമീപത്ത് വച്ച് പൊട്ടിത്തെറിച്ചു

4. പ്ലാറ്റ്ഫോമിന്റെ മേൽക്കൂരയടക്കം തകർന്നു

# ചോരപുരണ്ട വർഷം

(പാകിസ്ഥാനിൽ ജനുവരി മുതൽ നവംബർ 7 വരെയുണ്ടായ ഭീകരാക്രമണങ്ങളുടെകണക്ക് )

 ആക്രമണങ്ങൾ - 653

 ആകെ മരണം - 1693