
കോഴിക്കോട്: ബേപ്പൂർ ഹാർബറിൽ ബോട്ടിന് തീപിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ബോട്ടിൽ നിന്ന് തീ പടർന്ന് മത്സ്യത്തൊഴിലാളികളായ ലക്ഷദ്വീപ് സ്വദേശികൾ താജുൽ അക്ബർ, റഫീഖ് എന്നിവർക്കാണ് പൊള്ളലേറ്റത്. ശരീരമാസകലം പൊള്ളലേറ്റ ഇരുവരേയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ബോട്ട് പൂർണമായി കത്തിനശിച്ചു.
ഇന്നലെ അർദ്ധരാത്രിയോടടുത്ത് ബേപ്പൂർ ഹാർബറിൽ നിറുത്തിയിട്ടിരുന്ന 'അഹൽ ഫിഷറീസ്' എന്ന ബോട്ടിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ മത്സ്യബന്ധനത്തിന് പുറപ്പെടാനിരുന്ന ബോട്ടിന്റെ എൻജിനിൽനിന്നാണ് തീപടർന്നത്. പൊടുന്നനെ തീ ആളിക്കത്തുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ബോട്ടിൽ നിറയെ ഇന്ധനം നിറച്ചിരുന്നത് തീപിടിത്തത്തിന്റെ വേഗം കൂട്ടി.
തീപിടിച്ച ഭാഗം കരയിലേക്ക് ഒഴുകി വന്നതോടെ പ്രദേശത്ത് വലിയ പരിഭ്രാന്തിയായി. വിവരമറിഞ്ഞ് ഓടിയെത്തിയ മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ളവർ ഇതിന് തൊട്ടടുത്തുണ്ടായിരുന്ന ബോട്ടുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. മീഞ്ചന്ത,ബീച്ച്, നരിക്കുനി, മുക്കം എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി.
അപകടത്തിൽപ്പെട്ട ബോട്ട് രണ്ടുദിവസം മുൻപാണ് ബേപ്പൂരിലെത്തിയത്. എങ്ങനെയാണ് അപകടം ഉണ്ടായെന്ന് വ്യക്തമല്ല . സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണമാരംഭിച്ചു.