facebook

പത്തനംതിട്ട: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത് വിവാദത്തിന് കാരണമായി. 'പാലക്കാട് എന്ന സ്‌നേഹ വിസ്മയം' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പേജിൽ പങ്കുവച്ചിരിക്കുന്നത്. അബദ്ധം മനസിലായതോടെ വീഡിയോ രാത്രി തന്നെ നീക്കി. ഏകദേശം 63,000 ഫോളോവേഴ്സുള്ള പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഈ പേജ് വ്യാജമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പറഞ്ഞു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഉദയഭാനു വ്യക്തമാക്കി.

2013 മാർച്ച് 29ന് ആരംഭിച്ച പേജാണിത്. പത്തനംതിട്ട സിപിഎമ്മിന്റെ ഔദ്യോഗിക പേജാണ് എന്നാണ് അതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സിപിഎമ്മുമായി ബന്ധപ്പെട്ട വാർത്തകൾ മാത്രമാണ് വർഷങ്ങളായി പേജിൽ പങ്കുവയ്ക്കപ്പെടുന്നത്. പേജിന്റെ അഡ്മിൻ ആരാണെന്ന് വ്യക്തമല്ല.