mohammed-ziyad

ഇന്ത്യൻ കാർ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഏറ്റവും പുതിയ കോംപാക്റ്റ് എസ്‌‌യുവി കൈലാഖ് പുറത്തിറക്കിയിരിക്കുകയാണ്. 7.89 ലക്ഷം രൂപയാണ് വില. അടുത്തവ‌ർഷം ജനുവരിയിൽ നിരത്തിലിറങ്ങും. ഒരു ഇന്ത്യക്കാരൻ അതും ഒരു മലയാളിയാണ് പുതിയ എസ്‌യുവിക്ക് പേര് നൽകിയത്.

കാസർകോട് നായന്മാർമൂലയിൽ നിന്നുള്ള ഖുറാൻ അദ്ധ്യാപകനായ മൊഹമ്മദ് സിയാദ് ആണ് എസ്‌യുവിക്ക് കൈലാഖ് എന്ന പേര് നൽകിയത്. പുതിയ എസ്‌‌യുവിയുടെ പേരിന് ഇന്ത്യൻ സ്‌പർശം ഉണ്ടാകണമെന്ന് സ്‌കോഡ തീരുമാനിച്ചിരുന്നു. വാഹനത്തിന് പേര് നൽകാൻ പൊതുജനങ്ങൾക്ക് അവസരം നൽകികൊണ്ട് ഫെ‌ബ്രുവരിയിൽ ഒരു മത്സരവും കമ്പനി സംഘടിപ്പിച്ചു. പേര് കെ എന്ന അക്ഷരത്തിൽ തുടങ്ങണമെന്നും ക്വുവിൽ അവസാനിക്കണമെന്നുമായിരുന്നു മത്സരത്തിന്റെ നിബന്ധന.

രണ്ട് ലക്ഷത്തോളം പേർ നിർദേശിച്ച പേരിൽ നിന്നാണ് സിയാദ് നി‌ർദേശിച്ച കൈലാഖ് എന്ന പേര് കമ്പനി തിരഞ്ഞെടുത്തത്. ക്വിഖ്, കൈലാഖ്, കോസ്‌മിഖ്, കൈറോഖ്, കരിഖ്, കാർമിഖ്, ക്ളിഖ്, കയാഖ് എന്നീ പേരുകളാണ് കമ്പനി ഷോർട്ട്‌ലിസ്റ്റ് ചെയ്തത്. ഇതിൽ നിന്ന് ഒരു പേര് തിര‌ഞ്ഞെടുക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകുകയായിരുന്നു. കമ്പനിയിൽ നിന്ന് വിളിച്ചപ്പോഴാണ് പുതിയ എസ്‌യുവിക്ക് താൻ നിർദേശിച്ച പേരാണ് തിരഞ്ഞെടുത്തതെന്ന് അറിയുന്നതെന്ന് സിയാദ് പറയുന്നു.

'ഏറ്റവും പുതിയ സ്‌കോഡ കൈലാഖ് നേടിയതിൽ കേരളത്തിൽ നിന്നുള്ള മൊഹമ്മദ് സിയാദിന് അഭിനന്ദനങ്ങൾ. അടുത്ത വർഷം വാഹനം പുറത്തിറങ്ങുമ്പോൾ അദ്ദേഹമായിരിക്കും ആദ്യ ഉടമ'- എന്നാണ് സ്‌കോഡ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. ഖുറാൻ അദ്ധ്യാപകനായ സിയാദ് കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഇംഗ്ളീഷിൽ ബിരുദം പൂ‌ർത്തിയാക്കിയിരുന്നു. മലപ്പുറത്തെ അൽ മർജാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹഫാസത്തുൽ ഖുർആനിൽ ഏഴ് വർഷത്തെ ഇസ്ലാമിക വിദ്യാഭ്യാസവും കോഴിക്കോട് ജാമിഅ യമാനിയ്യ അറബിക് കോളേജിൽ നിന്ന് ഒരു വർഷത്തെ ഇസ്ലാമിക് ബിരുദവും പൂർത്തിയാക്കിയിട്ടുണ്ട്.

സ്‌കോഡ കൈലാഖ്

ഇന്ത്യയിലെ കാർ വിപണിയുടെ 30 ശതമാനം വിഹിതമുള്ള സബ് 4 മീറ്റർ വിഭാഗത്തിൽ സ്‌കോഡയുടെ സ്ഥാനം അടയാളപ്പെടുന്ന വാഹനമാണിത്. സ്‌കോഡ ഇന്ത്യയുടെ ആദ്യത്തെ കോംപാക്റ്റ് എസ്‌യുവിയാണ് കൈലാഖ്. മെയ്ക്ക് ഇൻ ഇന്ത്യയോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമായും പ്രാദേശികമായാണ് കൈലാഖ് രൂപകൽപ്പന ചെയ്തത്. ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന മികച്ച ഫീച്ചറുകൾക്കൊപ്പം ഡ്രൈവിംഗ് സുഖം, സുരക്ഷ, യാത്രാ സുഖസൗകര്യങ്ങൾ എന്നിവയെല്ലാം സ്കോഡ കൈലാഖിലുമുണ്ട്.

113 ബിഎച്ച്പിയും 178 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടിഎസ്ഐ ടർബോ-പെട്രോൾ എഞ്ചിൻ സ്‌കോഡ കൈലാഖ് വാഗ്ദാനം ചെയ്യുന്നു. ആറ് സ്പീഡ് എംടി അല്ലെങ്കിൽ ആറ് സ്പീഡ് എടിയിൽ ഈ എഞ്ചിൻ ഉണ്ടായിരിക്കുമെന്നാണ് വിവരം. ഭൂരിഭാഗവും സ്‌കോഡ് കുഷാക്ക് എസ്‌യുവിയുടെ രൂപം തന്നെയാണ് ഇതിനുള്ളത്.