n-prashanth

തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറി ഡോക്ടർ എ ജയതിലക് ഐഎഎസ് ഒരുപാട്പേരുടെ ജീവിതം തകർത്തിട്ടുണ്ടെന്ന് പ്രതികരിച്ച് എൻ പ്രശാന്ത് ഐഎഎസ്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജയതിലകിനെതിരെ ആദ്യം നടത്തിയ പരാമർശത്തിൽ നടപടി വരാനിരിക്കെയാണ് പ്രശാന്ത് വീണ്ടും അധിക്ഷേപ പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ജയതിലകിനെയും മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് വിവാദത്തിലായ ഗോപാലകൃഷ്ണൻ ഐഎഎസിന്റെയും വാർത്ത കൊടുത്ത മാദ്ധ്യമത്തെയും അദ്ദേഹം വിമർശിക്കുന്നുണ്ട്.

ജയതിലകുമായി സംസാരിച്ച് സന്ധിയാക്കണമെന്ന് ചിലർ ഭീഷണി രൂപത്തിൽ ഉപദേശിക്കുന്നുണ്ടെന്നും പ്രശാന്ത് പറയുന്നു. ജയതിലക് നശിപ്പിച്ചവരുടെ പട്ടിക ചൂണ്ടിക്കാണിച്ചാൽ ഭയം ഉണ്ടാകില്ലെന്നും അവർക്ക് നീതി നേടി കൊടുക്കാനുളള വാശിയാണ് ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം പോസ്റ്റിലൂടെ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രസക്തഭാഗങ്ങൾ

സർക്കാർ ഫയലിൽ കാര്യങ്ങൾ എഴുതിത്തീർത്താൽ പോരെ എന്ന് മറ്റ്‌ ചിലർക്കെങ്കിലും സംശയം തോന്നാം. അനവധി അഴിമതിക്കേസുകളിൽ ആരോപിതനായാലും, സിബിഐ അന്വേഷണം വരെ എത്തിയാലും, മാദ്ധ്യമ-കച്ചവട-മാഫിയ സംഘത്താൽ സംരക്ഷിക്കപ്പെടുന്നവരെ കുറിച്ചുള്ള ഫയലുകളിൽ സ്വാഭാവികമായും നടപടിയാവുമെന്ന് ചിന്തിക്കുന്നത്‌ അതിരുകടന്ന നിഷ്കളങ്കതയാണ്‌‌.താഴെക്കാണുന്ന സിബിഐ അന്വേഷണത്തെക്കുറിച്ച്‌ പത്രത്തിലെ നട്ടെല്ലുള്ള ഒരു ലേഖകൻ ആദ്യം ചെയ്ത വാർത്ത യൂട്യൂബിൽ കിടപ്പുണ്ട്‌. മാദ്ധ്യമം ആ വിഷയം പിന്നീട്‌‌ മുക്കാൻ കാരണമെന്തായിരിക്കും? മിക്ക മാദ്ധ്യമങ്ങളിലും ഡോ.ജയതിലകിനെതിരെ വാർത്ത ചെയ്യാൻ വിലക്കുണ്ട്‌. എന്ത്‌ കൊണ്ടായിരിക്കും?

18 വർഷം സർവ്വീസായ ഐഎഎസ് ഉദ്യോഗസ്ഥനോട്‌ ഒരു പത്രത്തിന്റെ കൂട്ട്‌ പിടിച്ച്‌ ബാലിശമായ വ്യാജ നരേറ്റീവ്‌ സൃഷ്ടിക്കാൻ ധൈര്യപ്പെടുന്ന വ്യക്തി മറ്റ്‌ കീഴുദ്യോഗ്സ്ഥരോട്‌ എന്തൊക്കെ ചെയ്ത്‌ കാണും എന്ന് ചിന്തിച്ചിട്ടുണ്ടോ? അദ്ദേഹം കൽപ്പിക്കുന്ന രീതിയിൽ ഫയൽ/റിപ്പോർട്ട്‌/നോട്ടെഴുതാൻ വിസമ്മതിച്ച എത്ര സത്യസന്ധരുടെ കരിയറും ജീവിതവും ഇദ്ദേഹം നശിപ്പിച്ചിട്ടുണ്ടെന്ന് സെക്രട്ടേറിയറ്റ്‌ ഇടനാഴിയിൽ വെറുതേ നടന്നാൽ കേൾക്കാം.

അദ്ദേഹം ജോലി ചെയ്ത എല്ലാ വകുപ്പിലും ഒന്ന് ചോദിച്ചാൽ തീരുന്ന സംശയമേ ഉള്ളൂ. പബ്ലിക് സ്ക്രൂട്ട്നി ഉണ്ടെങ്കിൽ മാത്രമേ ന്യായമായത്‌ നടക്കൂ എന്ന സമകാലിക ഗതികേട്‌ കൊണ്ടാണ്‌ റിസ്‌ക്‌ എടുത്ത്‌ ഒരാൾ 'വിസിൽ ബ്ലോവർ' ആവുന്നത്‌ എന്നത്‌ ദയവായി മനസ്സിലാക്കുക. ഭരണഘടനയുടെ 311 ആം അനുച്ഛേദത്തിന്റെ സുരക്ഷയുള്ള ഒരുഐഎഎസ് കാരനെങ്കിലും ധൈര്യപൂർവ്വം ഒരു 'വിസിൽ ബ്ലോവർ' ആയേ പറ്റൂ. തൽക്കാലം ഞാനല്ലാതെ ആര്‌?

ഐഎഎസുകാരുടെ സർവ്വീസ്‌ ചട്ടപ്രകാരം സർക്കാരിനെയോ സർക്കാർ നയങ്ങളെയോ വിമർശിക്കരുതെന്നാണ്‌. മാതൃഭൂമിയെയോ ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ വിമർശിക്കരുതെന്നല്ല. അഞ്ച്‌ കൊല്ലം നിയമം പഠിച്ച എനിക്ക്‌ സർവ്വീസ്‌ ചട്ടങ്ങളെക്കുറിച്ച്‌ മഞ്ഞപ്പത്രത്തിന്റെ എഡിറ്റോറിയൽ ഉപദേശം വേണ്ട. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19(1)(a) ഏതൊരു പൗരനുമെന്ന പോലെ എനിക്കും ഉള്ളതാണ്‌.

ഡോ. ജയതിലകുമായി സംസാരിച്ച്‌ സന്ധിയാക്കണം എന്ന് ഭീഷണി രൂപത്തിൽ ചിലർ ഉപദേശിക്കുന്നുണ്ട്‌. സ്വയം അപകടം വിളിച്ച്‌ വരുത്താതിരിക്കാൻ അതാണത്രെ നല്ലത്‌. അദ്ദേഹം നശിപ്പിച്ച ജീവിതങ്ങളുടെ പട്ടിക ചൂണ്ടിക്കാണിച്ചാൽ, എനിക്ക്‌ ഭയമല്ല തോന്നുക. ഇനിയെങ്കിലും ഇതിനൊരു അന്ത്യമുണ്ടാക്കി അവർക്കും നീതി നേടിക്കൊടുക്കുക എന്നേ എന്റെ ചെറിയ വാശിക്ക്‌‌ തോന്നുന്നുള്ളൂ.

പൊതുജനമദ്ധ്യത്തിൽ സിവിൽ സർവ്വീസിന്റെ 'വില' കളയാതിരിക്കാൻ മൗനം പാലിക്കാനും ചിലർ ഉപദേശിക്കുന്നു. വ്യാജ റിപ്പോർട്ടുകൾ സൃഷ്ടിക്കുകയും, ഫയലുകൾ അപ്രത്യക്ഷമാക്കുകയും, വാട്സാപ്പ്‌ ഗ്രൂപ്പുകൾ സൃഷ്ടിക്കുകയും അപ്രത്യക്ഷമാക്കുകയും ഒക്കെ ചെയ്യുന്ന ഒരു ഗ്രൂപ്പ്‌ സിവിൽ സർവ്വീസിൽ ഉണ്ട്‌ എന്നത്‌ ലജ്ജാവഹമാണ്‌. എന്നാലത്‌ ഒളിച്ച്‌ വെക്കുകയാണോ വേണ്ടത്‌? പിന്തിരിപ്പൻ സമൂഹങ്ങളിലെ വലിയ ഉദ്യോഗസ്ഥരുടെയും പ്രമാണിമാരുടെ വീടുകളിൽ 'പീഡോഫീലിയ' പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ രഹസ്യമായി വെക്കാൻ ഉപദേശിക്കുന്ന അതേ ലോജിക്‌!

വിവരങ്ങൾ പുറത്ത്‌ വരുന്നതിൽ എന്തിനാണ്‌ ഭയം? ഇതേ പേജിൽ എല്ലാ വിവരങ്ങളും വരും. ചില്ല്! ഒരു വിസിൽ ബ്ലോവർക്ക്‌ Indian Whistle Blowers’ Protection Act, 2011 പ്രകാരം കിട്ടേണ്ടുന്ന എല്ലാ സംരക്ഷണവും സുരക്ഷയും ഞാൻ പ്രതീക്ഷിക്കുന്നു. Competent Authority യെ നോട്ടിഫൈ ചെയ്തതായി അറിവില്ലാത്തതിനാൽ ഇവിടെ പറയാനല്ലേ പറ്റൂ!