
ഡിഫൻസ് ഗാർഡുമാരെ വധിച്ച ഭീകരർ
നാല് സൈനികർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കാശ്മീരിലെ കിഷ്‌ത്വാറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു. ഭീകരവിരുദ്ധ സേനയായ പാരാ സ്‌പെഷ്യൽ ഫോഴ്സിലെ ജൂനിയർ കമ്മിഷൻഡ് ഓഫീസർ നായിബ് സുബേദാർ രാകേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. മൂന്ന് സൈനികർക്ക് പരിക്കേറ്റു. കിഷ്‌ത്വാറിൽ കഴിഞ്ഞ ദിവസം രണ്ട് ഡിഫൻസ് ഗാർഡുകളെ വധിച്ച ഭീകരരെ സൈന്യം വളഞ്ഞതായി റിപ്പോർട്ട് വന്നിരുന്നു.
തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് നസീർ അഹമ്മദ്, കുൽദീപ് കുമാർ എന്നീ വില്ലേജ് ഡിഫൻസ് ഗാർഡുകളെ (വി.ഡി.ജി) ഭീകരർ തട്ടിക്കൊണ്ടുപോയി വധിച്ചത്.
അതിനിടെ ജമ്മു കാശ്മ്‌മീരിന്റെ വിവിധ ഭാഗങ്ങളിൽ ഏറ്റുമുട്ടലുകൾ തുടരുകയാണ്. 24 മണിക്കൂറിനിടെ മൂന്ന് ഏറ്റുമുട്ടലുണ്ടായി. കഴിഞ്ഞദിവസം രാത്രി ബാരാമുള്ളയിൽ ഒരു ഭീകരനെ വധിച്ചിരുന്നു. കുപ്‌വാര ജില്ലയിലെ ലാബിലെ മാർഗി മേഖലയിലും ഭീകരനെ വധിച്ചു. എ.കെ 47 റൈഫിൾ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ എന്നിവ കണ്ടെടുത്തു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. പിന്നാലെ ശ്രീനഗറിലെ ഹർവാൻ മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചു. ഇവിടെ വെടിവയ്പ് തുടരുകയാണെന്നും ആളപായമില്ലെന്നും അധികൃതർ അറിയിച്ചു. ശ്രീനഗറിലെ സബർവാൻ വനമേഖലയിൽ പൊലീസും സുരക്ഷാ സേനയും ഓപ്പറേഷൻ ആരംഭിച്ചു.