vistara

എയർ ഇന്ത്യയും വിസ്താരയുമായുള്ള ലയനം ഇന്ന് പൂർത്തിയാകും

കൊച്ചി: ടാറ്റ ഗ്രൂപ്പിന്റെ എയർ ഇന്ത്യയുമായുള്ള വിസ്താരയുടെ ലയന നടപടികൾ ഇന്ന് രാത്രിയോടെ പൂർത്തിയാകും. വിസ്താരയുമായുള്ള ലയനത്തിന് ശേഷം എയർ ഇന്ത്യയിൽ 3,194.5 കോടി രൂപയുടെ നിക്ഷേപമാണ് സിംഗപ്പൂർ എയർലൈൻസ് നടത്തുക. വിസ്താരയിലെ 49 ശതമാനം ഓഹരികൾക്കും 2,058.5 കോടി രൂപയ്ക്കും പകരമായി സിംഗപ്പൂർ എയർലൈൻസിന് എയർ ഇന്ത്യയിൽ 25.1 ശതമാനം പങ്കാളിത്തം ലഭിക്കും. ഇതോടെ ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള വിമാന കമ്പനികളുടെ എണ്ണം നാലിൽ നിന്ന് രണ്ടായി ചുരുങ്ങും. എയർ ഇന്ത്യ എക്‌സ്‌പ്രസിൽ കഴിഞ്ഞ മാസം എ.ഐ.എക്‌സ് കണക്‌ടിനെ(എയർ ഏഷ്യ) ലയിപ്പിച്ചിരുന്നു.

സിംഗപ്പൂർ എയർലൈൻസിന് 49 ശതമാനം ഓഹരി പങ്കാളിത്തവുമായി ടാറ്റ ഗ്രൂപ്പ് 2015 ജനുവരി ഒൻപതിനാണ് വിസ്താരയ്‌ക്ക് തുടക്കമിട്ടത്. എയർ ഇന്ത്യയുടെ ഉടമസ്ഥാവകാശം കേന്ദ്ര സർക്കാരിൽ നിന്നും സ്വന്തമാക്കിയതിന് ശേഷം 2022 നവംബർ 29നാണ് വിസ്താരയുമായുള്ള ലയനം പ്രഖ്യാപിച്ചത്.

ആകാശത്ത് സമ്പൂർണ കുത്തക

വിസ്താര ലയനം കൂടി പൂർത്തിയാകുന്നതോടെ ഇന്ത്യൻ ആകാശത്തിലെ 90 ശതമാനം വിപണി വിഹിതം എയർ ഇന്ത്യയ്‌ക്കും ഇൻഡിഗോയ്ക്കും സ്വന്തമാകും. സ്‌പൈസ് ജെറ്റ്, ആകാശ തുടങ്ങിയവയ്‌ക്കെല്ലാം ചേർന്ന് ഒൻപത് ശതമാനം വിപണി വിഹിതം മാത്രമാണുള്ളത്. പുതിയ സാഹചര്യത്തിൽ ആഭ്യന്തര സർവീസുകളിലെ ടിക്കറ്റ് നിരക്ക് ‌ഏകപക്ഷീയമായി തീരുമാനിക്കാൻ എയർ ഇന്ത്യയ്‌ക്കും ഇൻഡിഗോയ്ക്കും സാധിക്കുമെന്ന ആശങ്കയേറുകയാണ്. സഞ്ചാരികൾക്ക് ഏറെ പ്രതികൂല സാഹചര്യമാണിത്.

വിമാനങ്ങൾ

ഇൻഡിഗോ 413

എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ് 300