
പോസിറ്റീവ് എനർജിക്കെന്ന് വിശദീകരണം
കാവി വത്കിക്കുകയാണെന്ന് കോൺ.
ജയ്‌പൂർ: സർക്കാർ കോളേജുകളുടെ കവാടങ്ങൾക്ക് ഓറഞ്ച് പെയിന്റ് അടിക്കാൻ ഉത്തരവിറക്കി രാജസ്ഥാൻ സർക്കാർ. ഓറഞ്ച് പെയിന്റ് അടിക്കുന്നതിലൂടെ പോസിറ്റീവ് എനർജിയുണ്ടാകുമെന്നാണ് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. പഠനത്തിന് അനുകൂലമായ സാഹചര്യവും സമാധാനാന്തരീക്ഷവും സൃഷ്ടിക്കും. വൃത്തിയുള്ളതും ആരോഗ്യകരവും വിദ്യാഭ്യാസപരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കോളേജുകളെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. മാത്രമല്ല, കായകൽപ് എന്ന പദ്ധതിക്കു കീഴിൽ
ഭാഗമായി തിരഞ്ഞെടുത്ത കോളേജുകൾ ഏഴു ദിവസത്തിനുള്ളിൽ പെയിന്റ് അടിച്ച് ചിത്രം വിദ്യാഭ്യാസ വകുപ്പിന് അയച്ചു കൊടുക്കണമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ ഇതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ഉത്തരവ് കാവിവത്കരണ നീക്കത്തിന്റെ ഭാഗമാണെന്ന് കോൺഗ്രസ് ആരോപിച്ചു.
പത്ത് ഡിവിഷനുകളിലെ 20 കോളേജുകളാണ് ആദ്യഘട്ടത്തിൽ കായകൽപ് സ്‌കീമിനു കീഴിൽ പെയിന്റ് അടിക്കാൻ തിരഞ്ഞെടുത്തിട്ടുള്ളത്. പ്രത്യേക ബ്രാൻഡിന്റെ വൈറ്റ് ഗോൾഡ്, ഓറഞ്ച് ബ്രൗൺ പെയിന്റ് അടിക്കണമെന്നാണ് നിർദ്ദേശം.
സംസ്ഥാനത്ത് ആയിരക്കണക്കിന് അദ്ധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. കോളേജുകളിൽ ആവശ്യത്തിന് കെട്ടിടങ്ങളില്ല, ബെഞ്ചുകളില്ല. ഈ സാഹചര്യത്തിലാണ്
സർക്കാർ പൊതുപണം ആവശ്യമില്ലാതെ ചെലവഴിക്കുന്നത്.
- വിനോദ് ജാഖർ
എൻ.എസ്.യു.ഐ സംസ്ഥാന പ്രസിഡന്റ്