pic

ഒട്ടാവ : ​കാ​ന​ഡ​യി​ലെ ​ബ്രാം​പ്ട​ണിൽ​ ​ഹി​ന്ദു​ ക്ഷേ​ത്രം ആക്രമിക്കപ്പെട്ട സംഭവത്തിൽ ഖാലിസ്ഥാൻ ഭീകരൻ ഇന്ദർജീത്ത് ഗോസൽ (35)​ അറസ്റ്റിൽ. ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നൂനിന്റെ അടുത്തയാളാണ് ഇന്ദർജീത്ത്. നിരോധിത സംഘടനയായ,​ പന്നൂനിന്റെ സിഖ്സ് ഫോർ ജസ്റ്റിസിന്റെ കാനഡയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഇയാളാണ്. കാനഡയിലെ ഖാലിസ്ഥാൻ ഹിതപരിശോധനയുടെ പ്രധാന ആസൂത്രകനുമാണ്. വെള്ളിയാഴ്ച അറസ്റ്റിലായ ഇയാളെ ഉപാധികളോടെ വിട്ടയച്ചെന്നും ​ബ്രാം​പ്ട​ൺ കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചെന്നും പൊലീസ് അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം നാലായി. ആക്രമണത്തിൽ പങ്കെടുത്ത ഖാലിസ്ഥാൻവാദിയായ കനേഡിയൻ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു. ഈ മാസം 3നാണ് ​ബ്രാം​പ്ട​ണിലെ ഹിന്ദു സഭാ ക്ഷേത്രത്തിൽ ആക്രമണമുണ്ടായത്.​ ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലേ​ക്ക് ​അ​തി​ക്ര​മി​ച്ച് ​ക​യ​റിയ​ ​ഖാലിസ്ഥാൻവാദികൾ സ്‌​ത്രീ​ക​ളെ​യും​ ​കു​ട്ടി​ക​ള​ളെ​യു​മ​ട​ക്കം​ ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദി​ച്ചു.​ ​ആ​ക്ര​മ​ണ​ത്തെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര ​മോ​ദി​ ​അടക്കം അ​​പല​പി​ച്ചിരുന്നു.

 ഇന്ത്യ തേടുന്ന

ഭീകരൻ അറസ്റ്റിൽ

ഇന്ത്യ തേടുന്ന ഖാലിസ്ഥാനി ഭീകരൻ അർഷ്‌ദീപ് സിംഗ് (അർഷ് ദല്ല) കാനഡയിൽ അറസ്റ്റിലായെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ട ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ ഖാലിസ്ഥാനി ടൈഗർ ഫോഴ്സ് സംഘടനയുടെ ആക്ടിംഗ് തലവനാണ്. ഒക്ടോബർ അവസാനം മിൽട്ടണിലുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

അറസ്റ്റിനെ പറ്റി കനേഡിയൻ പൊലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇയാളെ വിട്ടയച്ചോ എന്നതിലും വ്യക്തതയില്ല. പഞ്ചാബിലെ കോൺഗ്രസ് നേതാവ് ബാൽജിന്ദർ സിംഗ് ബല്ലി കൊല്ലപ്പെട്ടതടക്കം ഇന്ത്യയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.

 ട്രൂഡോയ്ക്കെതിരെ പ്രതിഷേധം

രാജ്യത്ത് ഖാലിസ്ഥാൻവാദികളുണ്ടെന്ന് തുറന്നുസമ്മതിച്ചതിന് പിന്നാലെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം ശക്തം. ​ബ്രാം​പ്ടൺ ആക്രമണം അന്താരാഷ്ട്ര തലത്തിൽ അപലപിക്കപ്പെട്ടതോടെയാണ് ട്രൂഡോയുടെ കുറ്റസമ്മതം.

ഇതുവരെ ഖാലിസ്ഥാനികളെ കുറ്റപ്പെടുത്താതിരുന്ന ട്രൂഡോ,​ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളെ 'ആവിഷ്കാര സ്വാതന്ത്ര്യം" എന്നും ഖാലിസ്ഥാനി തീവ്രവാദികളെ 'ആക്ടിവിസ്റ്റുകൾ" എന്നുമാണ് വിശേഷിപ്പിച്ചിരുന്നത്. ഖാലിസ്ഥാൻ ഭീകരർക്ക് സംരക്ഷണമൊരുക്കുന്ന കനേഡിയൻ സർക്കാരിനെതിരെ ഇന്ത്യയും നിലപാട് കടുപ്പിച്ചിരിക്കുകയാണ്.