news

കോട്ടക്കൽ: വൈദ്യശാസ്ത്രത്തിന്റെ വളർച്ചയ്ക്കായി വിവിധ ചികിത്സ മേഖലകളിലെ ഡോക്‌ടർമാർ യോജിച്ച് പ്രവർത്തിക്കണമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം സെക്രട്ടറി ഡോ. രാജേഷ് കൊട്ടേച്ച പറഞ്ഞു. കോട്ടയ്ക്കൽ ആര്യവൈദ്യശാല സംഘടിപ്പിച്ച 61-ാമത് ആയുർവേദ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ വൈദ്യശാസ്ത്ര മേഖലകളിലെ ഡോക്ടർമാർ ഒന്നിച്ചിരുന്ന് ആശയങ്ങൾ കൈമാറി ആരോഗ്യ സംരക്ഷണ മേഖലയിൽ പുതിയ ഉണർവുകൾ സൃഷ്ടിക്കണമെന്നും രാജേഷ് കൊട്ടേച്ച പറഞ്ഞു.

ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയർ അദ്ധ്യക്ഷത വഹിച്ചു. കൊവിഡിനെ തുടർന്ന് ലോകമെമ്പാടും വിവിധ ആരോഗ്യപ്രശ്നങ്ങൾ സങ്കീർണമായ രീതിയിൽ വർദ്ധിക്കുന്നുണ്ട്. ഈ സാഹചര്യത്തെ ഗൗരവബുദ്ധിയോടെ മനസിലാക്കി മെച്ചപ്പെട്ട ആരോഗ്യമേഖല കണ്ടെത്താനുള്ള പരിശ്രമമാണ് നടത്തേണ്ടതെന്ന് പി.എം. വാരിയർ പറഞ്ഞു.

സംസ്ഥാന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ചരിത്രത്തെ രേഖപ്പെടുത്തുകയും പ്രകാശപൂർണമാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളുടെ പട്ടികയിലാണ് ആര്യവൈദ്യശാലയെന്ന് അദ്ദേഹം പറഞ്ഞു. ഡോ.പ്രവീൺ ബാലകൃഷ്ണൻ രചിച്ച പഞ്ചകർമ്മ ചികിത്സയിലെ നവീന പ്രവണതകൾ ഗ്രന്ഥത്തിന്റെ പ്രകാശനം ഡോ. രാജേഷ് കൊട്ടേച്ച നിർവഹിച്ചു. ആര്യവൈദ്യശാല ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കെ. ഹരികുമാർ, ചാരിറ്റബിൾ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.ലേഖ, ചീഫ് മെഡിക്കൽ ഓഫീസർ (ആയുർവേദ) ഡോ. കെ.എം.മധു സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ഡോ.സമീർ അലി പറവത്ത്, ഡോ. ജിക്കു ഏലിയാസ് ബെന്നി, ഡോ.നിഷാന്ത് നാരായണൻ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. ടി. ശ്രീകുമാർ മോഡറേറ്ററായി.