pic

വാഷിംഗ്ടൺ : യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അന്തിമഫലം പുറത്ത്. അരിസോണ സംസ്ഥാനത്തെ ഫലം ഇന്നലെ പ്രഖ്യാപിച്ചതോടെ നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ലഭിച്ച ഇലക്ടറൽ വോട്ടുകൾ 312 ആയി. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും വൈസ് പ്രസിഡന്റുമായ കമലാ ഹാരിസിന് 226 വോട്ടാണ് ലഭിച്ചത്.

തിരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമായിരുന്ന ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങൾ (പെൻസിൽവേനിയ, നെവാഡ, നോർത്ത് കാരലീന, ജോർജിയ, അരിസോണ, മിഷിഗൺ, വിസ്‌കോൺസിൻ) ട്രംപ് തൂത്തുവാരി. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ്.

ഫല പ്രഖ്യാപനം തുടങ്ങിയത് മുതൽ ട്രംപിന് തന്നെയായിരുന്നു ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ ലീഡ്. 2020ലെ തിരഞ്ഞെടുപ്പിൽ നോർത്ത് കാരലീന ഒഴികെ ആറിടവും ജോ ബൈഡനൊപ്പമായിരുന്നു. ഇവയിൽ ഒരെണ്ണം പോലും നേടാനാകാത്തത് കമലയ്ക്ക് കനത്ത പ്രഹരമായി. പോപ്പുലർ വോട്ടിലും ട്രംപ് ബഹുദൂരം മുന്നിലെത്തിയത് ( ട്രംപ് - 74,650,754, കമല - 70,916,946 ) അഭിപ്രായ സർവേകളിൽ മുന്നിട്ടുനിന്ന കമലയ്ക്ക് ക്ഷീണമായി. അതേസമയം​ ഫലംപ്രഖ്യാപനം ശേഷിക്കുന്ന ജനപ്രതിനിധി സഭാ സീറ്റുകളിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി 213 സീറ്റുമായി മുന്നിലാണ്. ഡെമോക്രാറ്റുകൾക്ക് 202 സീറ്റും. 435 അംഗ സഭയിൽ 218 സീറ്റാണ് ഭൂരിപക്ഷം. സെനറ്റിന്റെ നിയന്ത്രണം റിപ്പബ്ലിക്കൻമാർ നേടിയിരുന്നു. ജനുവരി 20നാണ് ട്രംപ് അധികാരമേൽക്കുക.

പോംപിയോയും​ നിക്കിയും ഔട്ട്

മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ,​ യു.എന്നിലെ മുൻ യു.എസ് അംബാസഡർ നിക്കി ഹേലി എന്നിവരെ തന്റെ ക്യാബിനറ്റിൽ ഉൾപ്പെടുത്തില്ലെന്ന് ട്രംപ് വ്യക്തമാക്കി.

(സ്വിങ് സ്റ്റേറ്റ്സും, ഇലക്ടറൽ വോട്ടും )

1. പെൻസിൽവേനിയ -19 2. നെവാഡ -6 3. നോർത്ത് കാരലീന -16 4. ജോർജിയ- 16 5. അരിസോണ -11 6. മിഷിഗൺ -15 7. വിസ്‌കോൺസിൻ -10