
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് നേരെ ശക്തമായ ഡ്രോൺ ആക്രമണം നടത്തി യുക്രെയിൻ. അഞ്ച് പേർക്ക് പരിക്കേറ്റു. കാര്യമായ നാശനഷ്ടങ്ങൾ ഇല്ല. ഇന്നലെ പുലർച്ചെ മോസ്കോയിലേക്ക് വിക്ഷേപിക്കപ്പെട്ട 34 ഡ്രോണുകളും തകർത്തതായി റഷ്യ അവകാശപ്പെട്ടു. ഒപ്പം പടിഞ്ഞാറൻ റഷ്യയിലെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമാക്കിയ 50 യുക്രെയിൻ ഡ്രോണുകളും തകർത്തു.
മോസ്കോയിലെ ഡൊമോഡെഡോവോ, ഷുകോവ്‌സ്കി വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു. 2022 ഫെബ്രുവരിയിൽ സംഘർഷം ആരംഭിച്ച ശേഷം മോസ്കോയിലേക്ക് യുക്രെയിൻ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിൽ ഒന്നായിരുന്നു ഇന്നലത്തേത്. ശനിയാഴ്ച രാത്രി യുക്രെയിന് നേരെ റഷ്യ 145 ഡ്രോണുകൾ വിക്ഷേപിച്ചിരുന്നു. 62 എണ്ണം യുക്രെയിൻ സൈന്യം തകർത്തു.