
നന്ദനം എന്ന ഒറ്റചിത്രം മതി മലയാളികൾക്ക് നവ്യനായരെ ഓർമ്മിക്കാൻ. വിവാഹത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയപ്പോഴും മികച്ച സ്വീകരണമാണ് ആരാധകർ നവ്യക്ക് നൽകിയത്. നർത്തകി എന്ന നിലയിലും ശ്രദ്ധേയയായ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ താൻ അനുഭവിക്കുന്ന ഒരു ഗുരുതര പ്രശ്നത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം. ചെറുപ്പം മുതലേ അനുഭവിക്കുന്ന ആ പ്രശ്നം മുതിർന്നപ്പോഴും തന്നെ അലട്ടുകയാണെന്ന് നവ്യ വ്യക്തമാക്കുന്നു. ഉറക്കം കെടുത്തുന്ന വിചിത്രമായ സ്വപ്നങ്ങളെക്കുറിച്ചാണ് താരം പറയുന്നത്. വിചിത്രമായ സ്വപ്നങ്ങളാണ് ഞാൻ കാണുന്നത്. പലപ്പോഴും ഇത്തരം സ്വപ്നങ്ങൾ കാരണം ശരിയായി ഉറങ്ങാൻ കഴിയാറില്ലെന്നും ഇങ്ങനെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർക്ക് തന്റെ തുറന്നുപറച്ചിൽ സഹായകരമായേക്കുമെന്നു കരുതിയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും യുട്യൂബ് ചാനലിലൂടെ നവ്യ പറയുന്നു.
പേടിപ്പിക്കുന്ന സ്വപ്നം കണ്ടാണ് പലപ്പോഴും ഉറങ്ങുക എന്നും ചിലപ്പോൾ ഞെട്ടി ഉണരുമെന്നും മുഖം കഴുകി വീണ്ടും കിടന്നാൽ ചിലപ്പോൾ ആ സ്വപ്നത്തിന്റെ ബാക്കി കണ്ടെന്നു വരും. ഈ പേടി കാരണം പിന്നെ ഉറങ്ങില്ലെന്നാണ് താരം പറയുന്നത്. വെളുപ്പിന് രണ്ട് മണിക്കാണ് ഇങ്ങനെ എഴുന്നേൽക്കുന്നതെങ്കിൽ പിന്നെ താൻ ഉണർന്ന് തന്നെയിരിക്കുമെന്നും നവ്യ പറയുന്നു
എന്തെങ്കിലും വായിച്ചോ അല്ലെങ്കിൽ മൊബൈലിൽ എന്തെങ്കിലും കണ്ടോ സമയം കളയുമെന്നും കാരണം പിന്നെ തനിക്ക് ഉറങ്ങാൻ പേടിയാണെന്നും വെളിച്ചം വന്നാലെ പിന്നെ തനിക്ക് ഉറങ്ങാൻ പറ്റൂവെന്നും താരം പറയുന്നു. ഉറക്കത്തിൽ കാണാറുള്ള വിചിത്ര സ്വപ്നങ്ങളെക്കുറിച്ച് നവ്യ പറയുന്നുണ്ട്.' ചരലും മണലും പാറക്കെട്ടുകളും മാത്രമുള്ള ഒരു സാങ്കല്പിക ലോകത്ത് ഞാൻ അകപ്പെട്ടിരിക്കുകയാണ്. ഞാൻ അമ്മ, അച്ഛൻ, പിന്നെ ലാലേട്ടൻ, പൃഥ്വിരാജ്, ക്യാമറാമാൻ പി . സുകുമാരൻ എന്നിവരൊക്കെയുണ്ട് അവിടെ. ഒരു പ്രത്യേകതരം ജീവിയുണ്ട് അവിടെ. കൃഷ്ണമണിയൊക്കെ പുറത്തേക്ക് ഉന്തി വീണ് കിടക്കുന്ന, ദേഹത്ത് മുഴുവൻ കുമിളകളുള്ള ജീവിയാണ്. അത് വായ തുറക്കുമ്പോൾ ത്രികോണ ആകൃതിയിൽ പല്ല് കാണാം.കണ്ടാൽ പിശാചിനെ പോലെ തോന്നും. ഈ ഡെവിൾ എന്നെ മാത്രമാണ് ആക്രമിക്കുന്നത്. ഇതിൽ നിന്ന് എന്നെ രക്ഷപ്പെടുത്താൻ സുകുവേട്ടൻ, രാജു ചേട്ടൻ, ലാലേട്ടൻ എന്നിവരൊക്കെ വരും പറയുമ്പോൾ കോമഡിയാണ്. പക്ഷേ സ്വപ്നത്തിൽ കാണുമ്പോൾ പേടി തോന്നുമെന്ന് നവ്യ പറയുന്നു.
ഇത്തരം പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിന് ചില മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് താരം പറയുന്നു.ഇപ്പോൾ ഒറ്റയ്ക്ക് കിടക്കുന്നത് നിർത്തിയെന്നും മകനൊപ്പം 10നും 10.15 നുമിടയിൽ കിടക്കുമെന്നും രാവിലെ നേരത്തെ എഴുന്നേൽക്കുമെന്നും നവ്യ പറഞ്ഞു. അങ്ങനെ ചെയ്യുന്നത് കൊണ്ട് സ്വപ്നം കാണൽ ഇല്ലാതായിട്ടില്ലെന്നും സ്വപ്നത്തിൽ നിന്ന് പെട്ടെന്ന് ഉണരാൻ കഴിയുന്നുണ്ടെന്നും കൂടാതെ പിന്നീട് ഉറങ്ങുമ്പോൾ ബാക്കി സ്വപ്നം കാണുന്നില്ലെന്നും നവ്യ പറഞ്ഞു. തന്റെ വീഡിയോ കാണുന്നവരിൽ ഇതേപ്രശ്‌നം നേരിടുന്നവർ ഉണ്ടെങ്കിൽ അവര്‍ അനുഭവങ്ങൾ പങ്കുവെയ്ക്കണമെന്നും ഡോക്ടർമാർ ഉണ്ടെങ്കിൽ അവർ ഇതെന്താണ് പ്രശ്‌നമെന്ന് പറയണമെന്നും നവ്യ വീഡിയോയിൽ അഭ്യര്‍ഥിക്കുന്നുമുണ്ട്.