cricket

ക്വേബെര്‍ഹ: ലോ സ്‌കോറിംഗ് ത്രില്ലറില്‍ ഇന്ത്യയില്‍ നിന്ന് ജയം തട്ടിപ്പറിച്ച് ദക്ഷിണാഫ്രിക്ക. 125 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഒരവസരത്തില്‍ 15.4 ഓവറില്‍ 86ന് ഏഴ് എന്ന നിലയില്‍ പരാജയത്തെ ഉറ്റുനോക്കിയ ആതിഥേയരെ ട്രിസ്റ്റന്‍ സ്റ്റബസ് 47*(41) , ജെറാഡ് കോട്‌സെ 19*(9) സഖ്യം ജയത്തിലേക്ക് നയിക്കുകയായിരുന്നു. വരുണ്‍ ചക്രവര്‍ത്തി നടത്തിയ അഞ്ച് വിക്കറ്റ് പ്രകടനം ഇന്ത്യയെ ജയത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും പേസ് ബൗളര്‍മാര്‍ മികവിലേക്ക് ഉയരാത്തത് തിരിച്ചടിയായി. പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് (1-1).

സ്‌കോര്‍: ഇന്ത്യ 124-6 (20) | ദക്ഷിണാഫ്രിക്ക 128-7 (19)

ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ മുന്‍നിരയും മദ്ധ്യനിരയും വരുണ്‍ ചക്രവര്‍ത്തിയുടെ സ്പിന്‍ ബൗളിംഗിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. മറ്റൊരു സ്പിന്നര്‍ രവി ബിഷ്‌ണോയ് നാലോവറില്‍ 21 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. റീസ ഹെന്‍ഡ്രിക്‌സ് 24(21) മാത്രമാണ് മുന്‍നിരയില്‍ പിടിച്ചുനിന്നത്. റയാന്‍ റിക്കിള്‍ട്ടണ്‍ 13(11), എയ്ഡന്‍ മാര്‍ക്രം 3(8), മാര്‍ക്കോ യാന്‍സന്‍ 7(10), ഹെയ്ന്റിച്ച് ക്ലാസന്‍ 2(3), ഡേവിഡ് മില്ലര്‍ 0(1) എന്നിവരാരും തിളങ്ങാതിരുന്നിട്ടും ദക്ഷിണാഫ്രിക്ക ജയം പിടിച്ചെടുക്കുകയായിരുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വെറും 124 റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. ആദ്യ നാലോവറില്‍ സ്‌കോര്‍ബോര്‍ഡില്‍ വെറും 15 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്തപ്പോള്‍ തന്നെ സഞ്ജു സാംസണ്‍ 0(3), അഭിഷേക് ശര്‍മ്മ 4(5), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 4(9) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു.നാലാം വിക്കറ്റില്‍ തിലക് വര്‍മ്മ 20(20), അക്‌സര്‍ പട്ടേല്‍ 27(21) സഖ്യം രക്ഷ്പ്രവര്‍ത്തനം ഏറ്റെടുത്തു.

തിലക് വര്‍മ്മ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യയാണ് ടോപ് സ്‌കോറര്‍. 45 പന്തുകള്‍ നേരിട്ട് പുറത്താകാതെ നിന്ന ഓള്‍റൗണ്ടര്‍ക്ക് പക്ഷേ വെറും 39 റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. റിങ്കു സിംഗ് 9(11), അര്‍ഷ്ദീപ് സിംഗ് 7*(6) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അഞ്ച് ബൗളര്‍മാര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.