money

കൊച്ചി: ഇന്ത്യയില്‍ ഒരു കോടിയിലധികം നികുതി വരുമാനമുള്ളവരുടെ എണ്ണം 2.2 ലക്ഷം കവിഞ്ഞു. പത്ത് വര്‍ഷത്തിനിടെ കോടി വരുമാനമുള്ളവരുടെ എണ്ണത്തില്‍ അഞ്ചിരട്ടി വര്‍ദ്ധനയാണുണ്ടായത്. കൊവിഡിന് ശേഷമുള്ള മൂന്ന് വര്‍ഷത്തിനിടെ പുതിയ ഒരു ലക്ഷം പേരാണ് ഒരു കോടി രൂപയിലധികം നികുതി വരുമാനവുമായി പട്ടികയില്‍ ഉള്‍പ്പെട്ടത്.

2022-23 അസസ്മെന്റ് വര്‍ഷത്തില്‍ ഐ.ടി റിട്ടേണുകള്‍ സമര്‍പ്പിച്ചവരില്‍ 52 ശതമാനം പേര്‍ ഒരു കോടി മുതല്‍ അഞ്ച് കോടി രൂപ വരെ ശമ്പള വരുമാനമുള്ളവരാണ്. അഞ്ഞൂറ് കോടി രൂപയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ 23ആണ്. ഇവരെല്ലാം ബിസിനസ്, പ്രൊഫഷണല്‍ മേഖലയില്‍ നിന്നുള്ളവരാണ്. നൂറ് മുതല്‍ അഞ്ഞൂറ് കോടി വരെ വരുമാനമുള്ള 262 നികുതിദായകരില്‍ 19 പേര്‍ മാത്രമാണ് ശമ്പളക്കാര്‍.

പത്ത് വര്‍ഷം മുമ്പ് 44,078 പേര്‍ക്കാണ് ഒരു കോടിയിലധികം നികുതി വരുമാനമുണ്ടായിരുന്നത്. 2013-14 അസസ്മെന്റ് വര്‍ഷത്തില്‍ ഒരാള്‍ക്ക് മാത്രമാണ് 500 കോടി രൂപയിലധികം വാര്‍ഷിക വരുമാനമുണ്ടായിരുന്നത്.

വരുമാന വര്‍ദ്ധനയ്ക്ക് പിന്നില്‍

ഓഹരി വിപണിയിലെ മുന്നേറ്റം ജീവനക്കാര്‍ക്കും മറ്റ് നിക്ഷേപകര്‍ക്കും ഉയര്‍ന്ന വരുമാനം നല്‍കുന്നു


കമ്പനികളുടെ ലാഭത്തിലെ കുതിപ്പ് കണക്കിലെടുത്ത് ജീവനക്കാര്‍ക്ക് ഉയര്‍ന്ന ആനുകൂല്യങ്ങളും ബോണസും ലഭിക്കുന്നു


മികച്ച ജീവനക്കാരെ കണ്ടെത്തുന്നതിന് കമ്പനികള്‍ ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്നു


സാങ്കേതികവിദ്യയുടെയും നിര്‍മ്മിത ബുദ്ധിയുടെയും സഹായത്തോടെ നികുതി സമാഹരണം ഊര്‍ജിതമായതോടെ റിട്ടേണ്‍ നല്‍കുന്നവരുടെ എണ്ണം കൂടി