
റോം : ഇറ്റലിയിൽ റോമൻ കാലഘട്ട ശേഷിപ്പുകൾക്ക് പേരുകേട്ട പോംപെയിലേക്ക് എത്തുന്ന പ്രതിദിന സഞ്ചാരികളുടെ എണ്ണത്തിൽ നിയന്ത്രണം. ഇനി മുതൽ ദിവസവും 20,000 സഞ്ചാരികൾക്കേ പോംപെയിലേക്ക് സന്ദർശന അനുമതി നൽകൂ. ടൂറിസ്റ്റുകളുടെ എണ്ണത്തിലുണ്ടായ കുതിച്ചുച്ചാട്ടമാണ് നിയന്ത്രണത്തിലേക്ക് നയിച്ചത്. ഒക്ടോബറിലെ ആദ്യ ഞായറാഴ്ച 36,000 പേരാണ് പോംപെ സന്ദർശിച്ചത്.
ഈ മാസം 15 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. എ.ഡി. 79ലെ വെസൂവിയസ് അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് ചാരത്തിൽ മുങ്ങിയ പുരാതന നഗരമാണ് പോംപെ. അഗ്നിപർവ്വത സ്ഫോടനം വിതച്ച നാശത്തിന്റെ ഭീകരത ഇന്നും പോംപെയിലെ ശേഷിപ്പുകളിൽ നിന്ന് മനസിലാക്കാം. പോംപെയെ കൂടാതെ ഹെർക്കുലേനിയം നഗരത്തെയും വെസൂവിയസ് തകർത്തെറിഞ്ഞിരുന്നു.
2023ൽ 40 ലക്ഷം പേർ പോംപെയിലെ പ്രധാന സൈറ്റ് സന്ദർശിച്ചെന്നാണ് കണക്ക്. ഇക്കഴിഞ്ഞ ഒക്ടോബറിൽ 4,80,000 പേർ പോംപെയിലെത്തി. പോംപെയിലേക്കുള്ള മനുഷ്യരുടെ ഒഴുക്ക് പുരാതന ശേഷിപ്പുകളുടെ സുരക്ഷയെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. ഇന്നും പോംപെയിലെ ചാരത്തിൽ നിന്ന് റോമൻ കാലഘട്ട പ്രതിമകളും മറ്റും കണ്ടെത്തുന്നുണ്ട്. 18 യൂറോ മുതലാണ് പോംപെയിലേക്കുള്ള എൻട്രി ടിക്കറ്റുകൾ.