tunnel

ടെൽ അവീവ്: ലെബനനിൽ ഹിസ്ബുള്ളയുടെ ഭൂഗ‌ർഭ തുരങ്കങ്ങൾ തക‌ർത്തതായി ഇസ്രയേൽ. ഇവയിൽ സെമിത്തേരിക്ക് അടിയിലായി സ്ഥിതി ചെയ്തിരുന്നതും ഉൾപ്പെടുന്നു. കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന ഈ തുരങ്കം കമാൻഡ് ആന്റ് കൺട്രോൾ റൂമായാണ് പ്രവർത്തിച്ചിരുന്നതെന്ന് ഇസ്രയേൽ സൈന്യം പറയുന്നു.

ഹിസ്ബുള്ളയുടെ അംഗങ്ങൾ വിശ്രമകേന്ദ്രമായും ഉപയോഗിച്ചിരുന്ന തുരങ്കത്തിൽ ആയുധങ്ങളുടെ വൻ ശേഖരവും ഇസ്രയേൽ സൈന്യം കണ്ടെത്തി. തോക്കുകൾ, മിസൈലുകൾ, റോക്കറ്റുകൾ ഉൾപ്പെടെ നൂറുകണക്കിന് ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടു. കൂറ്റൻ കോൺക്രീറ്റ് പാളികൾകൊണ്ടാണ് തുരങ്കം നിർമിച്ചിരുന്നത്.

ഹിസ്‌ബുള്ള, ഒരു ലെബനീസ് പൗരന്റെ വീടിന് അടിയിലായി നിർമിച്ചിരുന്ന തുരങ്കത്തിന്റെ ദൃശ്യങ്ങൾ ഇസ്രയേൽ കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. സെപ്‌തംബറിൽ ലെബനനിൽ കരമാർഗം നടത്തിയ ആക്രമണത്തിൽ അനേകം തുരങ്കങ്ങൾ കണ്ടെത്തിയതായി ഇസ്രയേൽ വ്യക്തമാക്കി. 25 മീറ്റർ നീളമുള്ള ഇതിലൊന്ന് ഇസ്രയേലിലേക്ക് എത്തിച്ചേരുന്നതായിരുന്നു. കഴിഞ്ഞവർഷം ഒക്‌ടോബറിൽ ഹമാസ് ഇസ്രയേലിൽ ആക്രമണം നടത്തിയതിന് പിന്നാലെ ലെബനീസ് അതിർത്തിയിൽ ഇസ്രയേലും ഇറാൻ പിന്തുണയുള്ള ഹിസ്‌‌ബുള്ളയും ഏറ്റുമുട്ടുകയാണ്.

അതിനിടെ, ലെബനനിൽ സെപ്‌തംബർ മാസത്തിൽ 40 പേരുടെ മരണത്തിനും 3000 പേർക്ക് പരിക്കേൽക്കാനും ഇടയായ പേജർ ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് സമ്മതിച്ചിരിക്കുകയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലെബനനിലെ പേജർ ആക്രമണത്തിന് താനാണ് അനുമതി നൽകിയതെന്ന് നെതന്യാഹു സമ്മതിച്ചതായി അദ്ദേഹത്തിന്റെ വക്താവ് ഒമെർ ദോസ്‌ത്രി ആണ് വെളിപ്പെടുത്തിയത്.

ഹിസ്‌ബുള്ള തലവൻ ഹസൻ നസ്രള്ളയെ കൊലപ്പെടുത്തിയതും തന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് നെതന്യാഹു സമ്മതിച്ചു. പ്രതിരോധ വിഭാഗത്തിലെ മുതിർന്ന അംഗങ്ങളുടെയും രാജ്യത്തെ മറ്റ് രാഷ്‌‌ട്രീയ നേതാക്കളുടെയും എതിർപ്പ് വകവയ്‌‌ക്കാതെയാണ് താൻ ഈ രണ്ട് തീരുമാനവും എടുത്തതെന്ന് നെതന്യാഹു പറഞ്ഞതായി ദി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു.