
ചെന്നൈ: ഇനി തന്നെ ഉലക നായകനെന്ന് വിളിക്കരുതെന്ന അഭ്യർത്ഥനയുമായി നടൻ കമൽ ഹാസൻ. വ്യക്തികളെക്കാളും വലുതാണ് കലയെന്നും ഇനി മുതൽ ഉലകനായകനെന്ന വിശേഷണം ഒഴിവാക്കി തന്നെ പേര് മാത്രമേ വിളിക്കാവു എന്നുമാണ് കമൽ ഹാസന്റെ അഭ്യർത്ഥന.
'ഒന്നുകിൽ കമൽ ഹാസൻ എന്ന് വിളിക്കാം. അല്ലെങ്കിൽ കമൽ, അതുമല്ലെങ്കിൽ കെ എച്ച് എന്ന് വിളിക്കാം. ഉലക നായകനെന്ന് വിശേഷിപ്പിക്കരുത്. സിനിമയെന്ന കലയെക്കാൾ വലുതല്ല കലാകാരനെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സിനിമയെക്കുറിച്ച് പഠിക്കാനും അറിയാനും വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥി മാത്രമാണ് ഞാൻ', കമൽ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് കമൽ ഹാസൻ സപ്‌തതി ആഘോഷിച്ചത്. 1954 നവംബർ ഏഴിന് ജനിച്ച കമൽ ഹാസൻ ആറാമത്തെ വയസിൽ 'കളത്തൂർ കണ്ണമ്മ' എന്ന ചിത്രത്തിലൂടെയാണ് വെളളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ സാധാരണ തമിഴ് അയ്യങ്കാർ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.
കമൽ ഹാസന്റെ അച്ഛൻ ഡി ശ്രീനിവാസൻ ക്രിമിനൽ അഭിഭാഷകനായിരുന്നു. അമ്മ രാജലക്ഷ്മി. നാല് മക്കളിൽ ഏറ്റവും ഇളയവനാണ് കമൽ ഹാസൻ. സഹോദരന്മാർ ചാരുഹാസനും ചന്ദ്രഹാസനും. സഹോദരി നളിനി. ജന്മനാടായ രാമനാഥപുരം ജില്ലയിലെ പരമക്കുടിയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഉന്നത വിദ്യാഭ്യാസത്തിനായാണ് ചെന്നെയിൽ എത്തുന്നത്. ഇഷ്ടമുളള തലത്തിലേക്ക് ഉയരാൻ കമൽ ഹാസന് പൂർണ പിന്തുണ നൽകിയത് ശ്രീനിവാസനായിരുന്നു.
കളത്തൂർ കണ്ണമ്മയിലെ അഭിനയത്തിന് മികച്ച ബാലനടനുള്ള രാഷ്ട്രപതിയുടെ സ്വർണ മെഡലും കമൽ ഹാസൻ സ്വന്തമാക്കി.അഞ്ചിലധികം സിനിമകളിൽ അദ്ദേഹം ബാലതാരമായി വേഷമിട്ടു. അതിലൊന്ന് കണ്ണും കരളും എന്ന മലയാള ചിത്രമാണ്. അതിനുശേഷം നൃത്തസംവിധായകനായ തങ്കപ്പൻ മാസ്റ്ററിന്റെ സഹായിയായി പ്രവർത്തിക്കാനും തുടങ്ങി. പ്രായപൂർത്തിയായതിനുശേഷം സംവിധായകൻ കെ ബാലചന്ദറിന്റെ സിനിമയിലൂടെയാണ് അദ്ദേഹം നായകനായി അഭിനയിച്ചത്. ആ കൂട്ടുക്കെട്ടിൽ 40ൽ അധികം സിനിമകൾ പിറന്നു.
മലയാള ചിത്രമായ കന്യാകുമാരി, അപൂർവരാഗങ്ങൾ (1975), മാരോ ചരിത്ര (1978), ഏക് ദുജേ കേലിയേ (1981) എന്നിങ്ങനെ വിവിധ ഭാഷകളിൽ റിലീസ് ചെയ്ത വിജയ ചിത്രങ്ങളിലൂടെ കമൽ ഹാസൻ പാൻ ഇന്ത്യൻ സൂപ്പർ പദവിയിലുമെത്തി. മികച്ച നടനുള്ള നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, 19 ഫിലിം ഫെയർ പുരസ്കാരങ്ങൾ, സിനിമയിലെ സംഭാവനകൾക്ക് കലൈമാമണി, പത്മശ്രീ, പദ്മഭൂഷൺ തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 2016ൽ ഫ്രഞ്ച് സർക്കാർ കമലിനെ പ്രശസ്തമായ ഷെവലിയർ ബഹുമതി നൽകി ആദരിച്ചു.