
ആൺ-പെൺ വ്യത്യാസം ഇല്ലാതെ ഈ കാലഘട്ടത്തിൽ എല്ലാവരും ചെയ്യുന്ന ഒന്നാണ് പുരികം ത്രെഡ് ചെയ്യുകയെന്നത്. പുരികങ്ങൾ നല്ല ആകൃതിയിൽ ഇരുന്നാൽ മുഖം കാണാൻ നല്ല ഭംഗിയായിരിക്കും. രാസവസ്തുക്കളോ ചേരുവകളോ ഇതിനായി ഉപയോഗിക്കുന്നില്ല. കോട്ടൺ നൂൽ മാത്രമാണ് ത്രെഡ് ചെയ്യാൻ ഉപയോഗിക്കുന്നത്. പുരികത്തിന് ചുറ്റുമുള്ള ആവശ്യമില്ലാത്ത രോമം കോട്ടൺ നൂൽ ഉപയോഗിച്ച് എടുത്ത് കളയും.
പുരികത്തിന് ചുറ്റുമുള്ള ചർമ്മം നേർത്തതും സെൻസിറ്റീവായതുമാണ്. അതിനാൽ ത്രെഡ് ചെയ്യുമ്പോൾ ചെറിയ വേദന അനുഭവപ്പെടാറുണ്ട്. എല്ലാ മാസവും ത്രെഡ് ചെയ്യണം. എന്നാൽ ത്രെഡിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അത് പലർക്കും അറിയില്ലെന്നതാണ് സത്യം. അവ ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ എട്ടിന്റെ പണികിട്ടും.
ത്രെഡിംഗ് ചെയ്ത് കഴിഞ്ഞാൽ ഉടൻ പുരികത്തിന്റെ ഭാഗങ്ങളിൽ തൊടരുത്. ഇവിടേക്ക് അണുക്കളും അഴുക്കുകളും കടക്കാൻ ഇത് കാരണമാകുന്നു. കൂടാതെ ത്രെഡ് ചെയ്ത ഉടനെ ആ ഭാഗത്ത് മേക്കപ്പ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. മേക്കപ്പ് ചർമ്മത്തിലെ സുഷിരങ്ങൾ അടയ്ക്കുകയും കുരുക്കളും മറ്റ് അസ്വസ്ഥതകളും ഉണ്ടാവാൻ കാരണമാകുകയും ചെയ്യുന്നു. ത്രെഡ് ചെയ്തതിന് ശേഷം 24 മണിക്കൂറിന് ശേഷമേ എക്‌സ്ഫോളിയേറ്റ് ചെയ്യാൻ പാടുള്ളൂ. കൂടാതെ കുറച്ച് മണിക്കൂറുകൾ ടോണറും ഫേസ് വാഷും ഉപയോഗിക്കരുത്. ത്രെഡ് ചെയ്ത ഉടൻ അവിടെ സൂര്യപ്രകാശം കൊള്ളിക്കുന്നത് പൊള്ളലുണ്ടാക്കാനും കരിവാളിപ്പ് ഉണ്ടാക്കാനും സാദ്ധ്യതയുണ്ട്.